ക്രിക്കറ്റ് ലോകത്ത് ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട സുഹൃത്ത് ബന്ധങ്ങളിൽ ഒന്നാണ് ധോണിയും കോഹ്ലിയും തമ്മിലുള്ളത്. കളിക്കളത്തിന് അകത്തും പുറത്തും ഉറ്റ സുഹൃത്തുകളാണ് ഇരുവരും. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ധോണി വിരമിച്ചതോടെ ഇരുവരും തമ്മിലുള്ള നിമിഷങ്ങൾ വിരളമാണെങ്കിലും എപ്പോഴൊക്കെ ഇരുവരുടെയും കണ്ടുമുട്ടലുകൾ സംഭവിക്കാറുണ്ട് അന്നൊക്കെ സോഷ്യൽ മീഡിയയിൽ ഇതിന്റെ ചിത്രങ്ങൾ തരംഗമാകാറുണ്ട്.
അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ 14-ാം വർഷം ആഘോഷിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി, തന്റെ കരിയറിലെ “ഏറ്റവും ആസ്വാദ്യകരവും ആവേശകരവുമായ കാലഘട്ടത്തെക്കുറിച്ച്” സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇന്ത്യൻ ടീമിൽ എംഎസ് ധോണിയുടെ ഡെപ്യൂട്ടി ആയി താൻ ചെലവഴിച്ച സമയമാണിതെന്ന് കോഹ്ലി കുറിച്ചു.
33-കാരനായ സ്റ്റാർ ബാറ്റർ 2014-ൽ ടെസ്റ്റ് ക്യാപ്റ്റനായും 2017-ൽ 3 ഫോർമാറ്റിലും ക്യാപ്റ്റനായും ചുമതലയേൽക്കുന്നതിന് മുമ്പ് എല്ലാ ഫോർമാറ്റുകളിലും ധോണിയുടെ ദീർഘകാല വൈസ് ക്യാപ്റ്റൻ ആയിരുന്നു. “ഈ മനുഷ്യന്റെ വിശ്വസ്തനായ ഡെപ്യൂട്ടി ആയത് എന്റെ കരിയറിലെ ഏറ്റവും ആസ്വാദ്യകരവും ആവേശകരവുമായ കാലഘട്ടമായിരുന്നു. ഞങ്ങളുടെ പാർട്ണർഷിപ്പ് എപ്പോഴും എനിക്ക് എന്നേക്കും സവിശേഷമായിരിക്കും. 7+18,”
2016 ടി20 ലോകക്കപ്പിൽ പാകിസ്ഥാനെതിരെ ഫിഫ്റ്റി നേടിയപ്പോൾ ബാറ്റ് ഉയർത്തുന്ന ഫോട്ടോയാണ് പോസ്റ്റിന് ഒപ്പം ചേർത്തിരിക്കുന്നത്. ഫോട്ടോയിൽ പിറകിലായി ധോണിയുമുണ്ട്. പോസ്റ്റിലെ
“7+18” എന്നത് ധോണിയുടെ ജേഴ്‌സി നമ്പർ 7 ഉം കോഹ്‌ലിയുടെ നമ്പർ 18 ഉം സൂചിപ്പിക്കുന്നതാണ്, ഇത് തമ്മിൽ കൂട്ടിയാൽ പോസ്റ്റ് ചെയ്‌ത ദിവസവുമാണ് (ഓഗസ്റ്റ് 25).
Discussion about this post