കശ്മീർ: മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെ പിന്തുണച്ചിരുന്നതായി ജമ്മു കശ്മീർ അപ്നി പാർട്ടി പ്രസിഡന്റ് അൽതാഫ് ബുഖാരി. കശ്മീരിൽ ഗുലാം നബി ആസാദ് പുതിയ പാർട്ടി തുടങ്ങുമെന്ന പ്രഖ്യാപനത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാർലമെന്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെതിരെ വാദിച്ചെങ്കിലും, യഥാർത്ഥത്തിൽ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെ അനുകൂലിച്ച് ആസാദ് വോട്ട് ചെയ്തിരുന്നുവെന്നാണ് അൽത്താഫ് ബുഖാരി പറയുന്നത്.
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു കൊണ്ടാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും അദ്ദേഹം രാജി വച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അഞ്ച് പേജുള്ള രാജിക്കത്ത് നൽകിയാണ് ഗുലാം നബി ആസാദ് പാർട്ടി വിടുന്നത്. രാഹുൽ ഗാന്ധിക്കെതിരെയും നിലവിലെ പാർട്ടി നേതൃത്വത്തിനെതിരെയും കടുത്ത വിമർശനമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.
തിരിച്ചു പോകാനാകാത്ത അവസ്ഥയിലേക്ക് കോൺഗ്രസ് എത്തിയിരിക്കുന്നു. സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ മുഴുവൻ പ്രഹസനവും വ്യാജവുമാണ്. രാജ്യത്ത് ഒരിടത്തും ഇത് കൃത്യമായ രീതിയിൽ നടക്കുന്നില്ല. ഒൻപത് വർഷത്തിനിടെ നൽകിയ നിർദ്ദേശങ്ങളെല്ലാം ചവറ്റുകൊട്ടയിലാണ്. പാർട്ടിക്കായി ജീവൻ നൽകിയ മുഴുവൻ നേതാക്കളും അവഹേളിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post