ന്യൂഡൽഹി: സെൻട്രൽ വിസ്ത വികസന പദ്ധതിയുടെ ഭാഗമായി ഇന്ത്യാ ഗേറ്റിൽ കർത്തവ്യപഥ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്ഘാടനത്തിന് മുന്നോടിയായി, പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ച തൊഴിലാളികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി.

സെൻട്രൽ വിസ്ത അവന്യുവിൽ സജ്ജീകരിച്ചിരുന്ന പ്രദർശനം പ്രധാനമന്ത്രി വീക്ഷിച്ചു. ഇന്ത്യാ ഗേറ്റിന് സമീപം പണികഴിപ്പിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ കൂറ്റൻ പ്രതിമയും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. 28 അടി ഉയരമുള്ള പ്രതിമയാണ് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത്.
കൊളോണിയൽ ഭൂതകാലത്തിന്‍റെ ശേഷിപ്പുകളോട് വിടപറയുന്നതിന്‍റെ ഭാഗമായാണ് രാജ്പഥ്, കർത്തവ്യപഥ് ആയി മാറിയിരിക്കുന്നത് എന്ന് പ്രധാനമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. പൊതു ശൗചാലയങ്ങൾ, കുടിവെള്ളം, ഇരിപ്പിടങ്ങൾ, നവീകരിച്ച പാർക്കിംഗ് സംവിധാനം എന്നിവ ഉൾപ്പെടെയുള്ള ഭാഗമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരിക്കുന്നത്.
പൊതുഗതാഗതത്തിന് വലിയ തോതിൽ തടസ്സം സൃഷ്ടിക്കാതെ റിപ്പബ്ലിക് ദിന പരേഡ് ഉൾപ്പെടെ ഉള്ളവ നടത്താൻ കർത്തവ്യപഥിൽ സാധിക്കും. രാജ്യത്തിന്‍റെ ശിൽപ്പകലാ പാരമ്പര്യത്തിന്‍റെ മികച്ച ഉദാഹരണമായിരിക്കും സെൻട്രൽ വിസ്ത അവന്യു എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.
മനോഹരമായ പൂന്തോട്ടം, നടപ്പാതകൾ, ജലധാരകൾ, അടിപ്പാതകൾ, രാത്രികാഴ്ചാ സംവിധാനം, കൃത്യമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ, മഴവെള്ള സംഭരണികൾ, ജലസംരക്ഷണ സംവിധാനങ്ങൾ എന്നിവയും കർത്തവ്യപഥിന്‍റെ സവിശേഷതകളാണ്.

Discussion about this post