ഹൈദരാബാദ്: വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് അതീതമാണ് ദേശീയതയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് കീഴടങ്ങിയവരാണ് ഇത്രകാലം ഹൈദരാബാദ് വിമോചനത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാതിരുന്നത്. അവര്‍ നൈസാമിന്റെ ആരാധകരാണ്, രാജ്യവിരുദ്ധരാണ്, അമിത് ഷാ പറഞ്ഞു. പരേഡ് ഗ്രൗണ്ടില്‍ നടന്ന ഹൈദരാബാദ് വിമോചനദിനാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തോട് ചെരില്ലെന്ന് പ്രഖ്യാപിച്ച് വിഘടനവാദനിലപാട് സ്വീകരിച്ച് നൈസാമിന്‍റെ റസാക്കര്‍ ഭരണത്തെ സൈനിക നടപടിയിലൂടെ കീഴടക്കിയത് സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്‍റെ കരുത്തുറ്റ നേതൃത്വമാണ്. ഏഴരപ്പതിറ്റാണ്ടിന് ശേഷം ഈ വിമോചനദിനം കൊണ്ടാടുന്നതിന് കാരണം രാജ്യത്തെ അമൃതകാലത്തിലേക്ക് നയിക്കുന്ന നരേന്ദ്രമോദിയുടെ നേതൃത്വവും. എന്തുകൊണ്ടാണ് തെലുഗുജനതയുടെ സ്വാഭിമാനദിനമായി ഇത്രകാലവും ഇത് ആഘോഷിക്കപ്പെടാതിരുന്നതെന്ന് ജനങ്ങള്‍ ചിന്തിക്കണം. ബിജെപി എല്ലാ വര്‍ഷവും ഹൈദരാബാദ് വിമോചനദിനം കൊണ്ടാടാറുണ്ട്. ഇപ്പോള്‍ രാജ്യമാകെ അതേറ്റെടുക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു.
അഖണ്ഡഭാരതത്തിന്റെ പൂര്‍ത്തീകരണത്തിലേക്കുള്ള ആദ്യചുവടുവയ്പായിരുന്നു സര്‍ദാര്‍ പട്ടേലിന്റെ നടപടി. അദ്ദേഹമില്ലായിരുന്നുവെങ്കില്‍, ഹൈദരാബാദിന് മോചനം ലഭിക്കാന്‍ വര്‍ഷങ്ങളെടുക്കുമായിരുന്നു. പ്രധാനമന്ത്രി വിമോചനദിന പ്രഖ്യാപനം നടത്തിയതോടെ ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം, ഹൈദരാബാദ് വിമോചനദിനം ആഘോഷിക്കാന്‍ മുന്നോട്ടുവരുന്നതിന് തെലങ്കാന സര്‍ക്കാര്‍ തയ്യാറായിരിക്കുന്നു. അവര്‍ക്ക് ഇപ്പോഴും ഉള്ളില്‍ പക്ഷേ ഭയമുണ്ട്. നമ്മള്‍ സ്വാതന്ത്ര്യം നേടിയ രാജ്യമാണെന്ന് മനസ്സിലാക്കൂ, ആരെയാണ് നിങ്ങള്‍ പേടിക്കുന്നത്, അമിത്ഷാ ചോദിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. തെലങ്കാന സര്‍ക്കാര്‍ സംയോജനദിനമെന്ന പേരിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ഇതിന്‍റെ ഭാഗമായി മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ദേശീയപതാക ഉയര്‍ത്തി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
Discussion about this post