ന്യൂദല്‍ഹി: ഹിജാബ് വലിച്ചെറിഞ്ഞ് പ്രക്ഷോഭ രംഗത്തിറങ്ങിയ ഇറാനിയന്‍ വനിതകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്‌റീന്‍. ലോകമെമ്പാടുമുള്ള മുസ്ലീം വനിതകള്‍ ഇറാനിലെ പ്രക്ഷോഭത്തില്‍ നിന്ന് കരുത്ത് നേടണമെന്ന് അവര്‍ ഇന്ത്യാടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സ്ത്രീകള്‍ സ്വയം തെരഞ്ഞെടുക്കുന്നതല്ല ഹിജാബ് എന്ന് തസ്ലിമ ചൂണ്ടിക്കാട്ടി. കൂടുതല്‍ അവസരങ്ങളിലും ഭയം കൊണ്ട്, അല്ലെങ്കില്‍ സമ്മര്‍ദ്ദം കൊണ്ട് ധരിക്കാന്‍ നിര്‍ബന്ധിതമായിത്തീരുകയാണ്, പെണ്‍കുട്ടികളെ ബ്രെയിന്‍വാഷ് നടത്തി ഹിജാബിലേക്ക് എത്തിക്കുന്ന സാഹചര്യവുമുണ്ട്, തസ്ലിമ പറഞ്ഞു. മഹ്‌സാ അമിനി എന്ന ഇരുപത്തി രണ്ടുകാരി ടെഹ്‌റാനില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഇറാനിലുടനീളം സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
ഇറാന്‍ വനിതകളുടെ ധൈര്യം എന്നെ സന്തോഷിപ്പിക്കുന്നു. ഹിജാബുകള്‍ കത്തിക്കുന്നതും വലിച്ചെറിയുന്നതും മുടിമുറിക്കുന്നതുമടക്കമുള്ള ദൃശ്യങ്ങള്‍ ലോകത്തിനാകെ വഴികാട്ടേണ്ടതാണ്. ഹിജാബ് സ്ത്രീകളോടുള്ള അടിച്ചമര്‍ത്തലിന്റെയും അപമാനത്തിന്റെയും നിന്ദയുടെയും ഒറ്റപ്പെടുത്തലിന്റെയും അടയാളമാണ്. ലോകത്താകമാനമുള്ള സ്ത്രീകള്‍ അത് കത്തിച്ചെറിഞ്ഞ് പുറത്തുവരണമെന്നാണ് എൻ്റെ അഭിപ്രായം. ഹിജാബ് ധരിക്കണമെന്ന് ആഗ്രഹമുള്ളവര്‍ അത് ധരിക്കട്ടെ, പക്ഷേ അത് ആവശ്യമില്ലാത്തവര്‍ക്ക് ധരിക്കാതിരിക്കാനുള്ള അവകാശമുണ്ട്.
മതമൗലികവാദികള്‍ സ്ത്രീകളില്‍ ബുര്‍ഖയും ഹിജാബും അടിച്ചേല്പിക്കുകയാണ്. ധരിച്ചില്ലെങ്കില്‍ മര്‍ദ്ദനമേല്‍ക്കുമെന്നും അപമാനിക്കപ്പെടുമെന്നും സ്ത്രീകള്‍ ഭയക്കുന്നു. ഹിജാബ് മതപരമായ ആയുധമെന്നതില്‍ നിന്ന് രാഷ്ട്രീയ ആയുധമായി മാറിയ കാലമാണിതെന്നും അതുകൊണ്ടാണ് ഇറാനിയന്‍ വനിതകള്‍ നടത്തുന്ന പോരാട്ടം വിപ്ലവമാകുന്നതെന്നും തസ്ലിമ പറഞ്ഞു.














