ജമ്മു: സമീപകാല ഭരണഘടനാ പരിഷ്കാരങ്ങള്‍ ജമ്മു കശ്മീരില്‍ വളര്‍ച്ചയുടെയും സമാധാനത്തിന്റെയും പുതിയ യുഗത്തിന് തുടക്കമിട്ടെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍. അംഭപല്ലയിലെ വേദ് മന്ദിര്‍ ഗ്രൗണ്ടില്‍ ജമ്മു മഹാനഗറിന്റെ വിജയദശമി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീരും ലഡാക്കും എഴുത്തുകാരുടെയും ചിന്തകരുടെയും നാടാണ്. കശ്യപ ഋഷിയുടെ കാലം മുതല്‍ ഇന്നുവരെ 5000-6000 വര്‍ഷത്തെ ചരിത്രമുള്ള നാടാണിത്. മാറ്റത്തിന്റെ ഈ കാലം ആ പുരാതന ചരിത്രത്തോടു ചേര്‍ത്ത് പുതിയ അധ്യായം എഴുതുകയാണ്.
ഹിന്ദു സമാജത്തെ ഏകീകരിക്കുകയും ശക്തി ശാലിയാക്കുകയും വഴി രാഷ്ട്രത്തിന്റെയാകെ വൈഭവത്തിനായാണ് ആര്‍എസ്എസ് രൂപം കൊണ്ടതും പ്രവര്‍ത്തിക്കുന്നതു. ഒന്നിച്ചു ചേരുന്നതിന് വിഘാതമായ എല്ലാ വേര്‍തിരിവുകളും ഇല്ലാതാകേണ്ടതുണ്ട്. ഒരുമയ്ക്കായി തീര്‍ക്കുന്ന ആ പാത ലോകത്തിനാകെ മാതൃകയാകുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് നൂറുകണക്കിന് ഭാഷകളും ആചാരങ്ങളും വൈവിധ്യങ്ങളും ഉണ്ടായിട്ടും കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഭാരതം ഒന്നാണ്, ഹിന്ദുത്വമാണ് രാഷ്ട്രത്തെ ഒന്നായി കൂട്ടിയിണക്കുന്ന ശക്തി.
ആദരവിന്റെയും സമര്‍പ്പണത്തിന്റെയും ഭാവം ഈ രാഷ്ട്രത്തിന്റെ സ്വഭാവമാണ്. വിശ്രുത ഗായിക ലതാ മങ്കേഷ്കര്‍ അമേരിക്കയില്‍ പാടാന്പോയപ്പോള് വേദിയെയും സദസ്സിനെയും നിലത്തു തൊട്ടുതൊഴുത് വണങ്ങിയത് അന്നാട്ടുകാര്‍ക്ക് അതിശയമായിരുന്നു. എവറസ്റ്റ് രണ്ടു തവണ കീഴടക്കിയ ലോകത്തെ ആദ്യ വനിത സന്തോഷ് യാദവ് കൊടുമുടി മുകളില്‍ തന്റെ കാല്‍വയ്ക്കാന്‍ തയ്യാറായില്ല. പവിത്രമായ ഗൗരീശങ്കരമുടിയില് ശിരസ് തൊട്ടാണ് അവര്‍ ആ നേട്ടം കൈവരിച്ചത്. ഈ വികാരമാണ് ഹിന്ദുത്വത്തിന്റെ ആത്മാവെന്ന് ഡോ. കൃഷ്ണഗോപാല്‍ പറഞ്ഞു.
ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, ജമ്മു പ്രാന്ത സംഘചാലക് ഡോ. ഗൗതം മാംഗി, വിഭാഗ് സംഘചാലക് സുരേഷ് ചന്ദ്ര എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.
Discussion about this post