ചണ്ഡിഗഢ്: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്‍റെ സ്വീകരണച്ചടങ്ങില്‍ പ്രതിനിധിയെ അയച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്‍റെ ധാര്‍ഷ്ട്യം. മുഖ്യമന്ത്രിയുടെ നടപടി അനൗചിത്യവും പദവിക്ക് നിരക്കാത്തതുമാണെന്ന് പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്. കഴിഞ്ഞ ദിവസമാണ് ദ്രൗപദി മുര്‍മു പഞ്ചാബ് സന്ദര്‍ശിച്ചത്. രാഷ്ട്രപതി എന്ന നിലയില്‍ മുര്‍മുവിന്‍റെ ആദ്യ പഞ്ചാബ് സന്ദര്‍ശനമായിരുന്നു ഇന്ന്. രാജ്ഭവനിലൊരുക്കിയ സ്വീകരണത്തില്‍ നിന്നാണ് ഭഗവന്ത് മാന്‍ വിട്ടുനിന്നത്. നേരത്തെ നിശ്ചയിച്ച പരിപാടികളുള്ളതിനാല്‍ വിട്ടു നിന്നു എന്നാണ് ന്യായീകരണം.
പൗരസ്വീകരണത്തിന് മുഖ്യമന്ത്രി ക്ഷണിക്കുകയും അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തതാണ്. എത്ര തിരക്കിലാണെങ്കിലും രാഷ്ട്രപതിയുടെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കുക എന്നത് അദ്ദേഹത്തിന്‍റെ ഭരണഘടനാപരമായ ഉത്തരവാദിത്തമായിരുന്നുവെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. അതേസമയം ഭഗവന്ത് മാനിന്‍റെ പ്രതിനിധിയായി പരിപാടിയിലെത്തിയ ആപ്പ് മന്ത്രി അമന്‍ അറോറ ഗവര്‍ണറുടെ അഭിപ്രായത്തെ രൂക്ഷമായി വിമര്‍ശിച്ചു. ഗവര്‍ണര്‍ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് അറോറ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് പകരം അഞ്ച് കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തതായി അറോറ ചൂണ്ടിക്കാട്ടി.
രാഷ്ട്രപതിയോടുള്ള ആദരസൂചകമായി നടന്ന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി വിട്ടുനിന്നതിനെ ബിജെപി പഞ്ചാബ് ഘടകം ജനറല്‍ സെക്രട്ടറി സുഭാഷ് ശര്‍മ്മ വിമര്‍ശിച്ചു. ഉത്തരവാദിത്തം അറിയാത്തയാളാണ് മുഖ്യമന്ത്രിയെന്നത് ഞെട്ടിക്കുന്നതാണെന്ന് ശര്‍മ്മ പറഞ്ഞു.
Discussion about this post