ന്യൂദല്‍ഹി : കേരളത്തിലെ അക്രമകാരികളായ പേ പിടിച്ച തെരുവ് നായ്ക്കളെ കൊല്ലുന്നതിനുള്ള അനുമതി നിഷേധിച്ച് സുപ്രീംകോടതി. സംസ്ഥാനത്തെ തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനം ഇവയെ കൊല്ലുന്നതിനുള്ള അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല് ഈ വിഷയം ഇപ്പോള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി ഹര്‍ജിയില്‍ അറിയിക്കുകയായിരുന്നു.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.കെ. മഹേശ്വരി എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. തെരുവ് നായ ആക്രമണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനായി കേരള ഹൈക്കോടതിയില്‍ ജസ്റ്റിസുമാരായ ജയശങ്കര്‍ നമ്പ്യാര്‍, ഗോപിനാഥ് മേനോന്‍ എന്നിവര്‍ പ്രത്യേക ബെഞ്ചിന് രൂപം നല്‍കിയിട്ടുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ വി. ചിദംബരേഷ് കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതിനെ തുടര്‍ന്ന് തെരുവ് നായ ആക്രമണവുമായി ബന്ധപ്പെട്ട വ്യക്തിഗത കേസുകള്‍ ഈ ബെഞ്ചിന് പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിയമം ലംഘിച്ച് നായകള്‍ക്കെതിരെ ആക്രമണമുണ്ടായാല്‍ കേസെടുക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
കേരളത്തില്‍ ഒരോ വര്‍ഷവും നായയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടുന്നതായി ജസ്റ്റിസ് സിരിജഗന്‍ സമിതി റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ പ്രശ്നം പ്രത്യേകതയുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേരളമുള്‍പ്പടെ രാജ്യത്ത് കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ ഉണ്ടായ തെരുവുനായ ആക്രമണങ്ങളുടെ കണക്ക് സമര്‍പ്പിക്കാന്‍ മൃഗക്ഷേമ ബോര്‍ഡിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. തെരുവു നായ ആക്രമണങ്ങള്‍ നേരിടുന്നതിനുള്ള നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടു.
Discussion about this post