ഹിമാചൽ പ്രദേശ് : രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഫ്‌ളാഗ്ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചൽ പ്രദേശിലെ ഉന റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തത്. ഹിമാചൽ പ്രദേശിലെ അംബ് അൻഡൗറ മുതൽ ന്യൂഡൽഹി വരെയാണ് ട്രെയിൻ ഓടുക.
അംബാല, ചണ്ഡീഗഡ്, ആനന്ദ്പൂർ സാഹിബ്, ഉന എന്നിവിടങ്ങളിലാണ് പുതിയ ട്രെയിനിന് സ്റ്റോപ്പുകൾ ഉള്ളത്. ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും ട്രെയിൻ സർവ്വീസ് നടത്തും. 52 സെക്കന്റുകൾ കൊണ്ട് മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ ഓടുക. പുതുതായി ആരംഭിച്ചിരിക്കുന്ന ട്രെയിൻ സർവ്വീസ് മേഖലയിലെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കും എന്നാണ് അധികൃതർ വിലയിരുത്തുന്നത്.
പുതിയ വന്ദേ ഭാരത് ട്രെയിൻ പഴയതിൽ നിന്നും വ്യത്യസ്തമാണ്. കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന വേഗത കൈവരിക്കാൻ ട്രെയിനിന് ആകുമെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രധാനമന്ത്രിയുടെ ഒമ്പതാമത്തെ ഹിമാചൽ സന്ദർശനമാണിത്. ഉനയിലെ പെഖുബെല ഹെലിപാഡിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഹിമാചലിലെ തിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് ജില്ലകളിലെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും. ശേഷം ഉന, ചമ്പ ജില്ലകളിലെ പരിപാടികളെ അദ്ദേഹം അഭിസംബോധന ചെയ്യും. ഈ വർഷം അവസാനമാണ് ഹിമാചൽ പ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.
Discussion about this post