ന്യൂദല്‍ഹി: ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് മുന്‍ അഖിലേന്ത്യാ അധ്യക്ഷനും കോഴിക്കോട് സ്വദേശിയുമായ ഇ. അബൂബക്കര്‍ നല്കിയ ഹര്‍ജി പരിഗണിക്കാന്‍ ദല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു.
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെതിരെ യുഎപിഎ പ്രകാരം എടുത്ത കേസാണെന്നും വിചാരണക്കോടതിയിലെ നടപടികള്‍ക്കു ശേഷം അപ്പീലായി ഹൈക്കോടതി ഡിവിഷന് ബെഞ്ചിനു മാത്രമേ ഇത് പരിഗണിക്കാന്‍ കഴിയുകയുള്ളുവെന്നും വ്യക്തമാക്കിയാണ്, ജസ്റ്റിസ് അനൂപ് കുമാര്‍ മേന്ഡി രത്ത, ഹര്‍ജിക്ക് അനുമതി നിഷേധിച്ചത്.
എന്‍ഐഎ നിയമം, യുഎപിഎ എന്നിവ പ്രകാരമുള്ള കേസാണിതെന്നും അതിനാല്‍ ഹര്‍ജി ഹൈക്കോടതിയില്‍ നിലനില്‍ക്കില്ലെന്നും എന്‍ഐഎക്കു വേണ്ടി ഹാജരായ പ്രത്യേക പബ്ളിക് പ്രോസിക്യൂട്ടര്‍ അക്ഷയ് മാലിക് വാദിച്ചു. അന്വേഷണം അട്ടിമറിക്കാനാണ് ഹര്‍ജിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പലവിധ രോഗങ്ങള്‍ ഉള്ളതിനാല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന ഹര്‍ജിക്കാരന്റെ വാദം തള്ളിയ ജസ്റ്റിസ്, ഇക്കാര്യത്തില്‍ ഉത്തരവ് നല്‍കാനാവില്ലെന്നും വ്യക്തമാക്കി.അതിനുള്ള അധികാരം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജമായത്തെ ഇസ്ലാമി, സിമി എന്നിവയുടെ നേതാവായിരുന്ന അബൂബക്കര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥാപകരില്‍ ഒരാളാണ്. സപ്തംബര്‍ 22 നാണ് എന്‍ഐഎ അറസ്റ്റു ചെയ്തത്.
Discussion about this post