ഡൽഹി: മുഖ്യമന്ത്രിയുടെ വിദേശ യാത്രക്കെതിരെ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ. വിദേശകാര്യമന്ത്രാലയത്തെ അറിയിച്ച രീതിയിലുള്ള ഔദ്യോഗിക കാര്യങ്ങളല്ല യാത്രയിൽ നടന്നതെന്നാണ് മാധ്യമറിപ്പോർട്ടുകൾ . ഔദ്യോഗിക കരാറുകളോ, ധാരണപത്രങ്ങളോ ഒപ്പുവച്ചിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വി.മുരളീധരൻ ഡൽഹിയിൽ ആവശ്യപ്പെട്ടു. സംസ്ഥാനം വലിയ കടബാധ്യതയിൽ നിൽക്കുമ്പോൾ മുഖ്യമന്ത്രി കുടുംബത്തെ കൂട്ടി നടത്തിയ ഉല്ലാസയാത്രയിൽ മാർക്സിസ്റ്റു പാർട്ടി യോഗങ്ങളിലെങ്കിലും വിശദീകരണം തേടണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്ക് യുകെയിലേക്ക് തൊഴിൽ കുടിയേറ്റത്തിന് ഔദ്യോഗിക കരാറിൽ ഒപ്പുവച്ചു എന്നുള്ളതെല്ലാം വ്യാജ പ്രചാരണമാണ്. നോർക്കയും റിക്രൂട്ടിംഗ് ഏജൻസിയും തമ്മിലുള്ള ധാരണ, കേരളവും യുകെയും തമ്മിലുള്ള ഉടമ്പടിയെന്ന മട്ടിൽ പിആർഡി പ്രചരിപ്പിക്കുകയാണ്. തിരുവനന്തപുരത്ത് എത്തി റിക്രൂട്ടിംഗ് ഏജൻസി ഒപ്പിട്ട് നൽകേണ്ട ഒരു കരാറിനായി മുഖ്യമന്ത്രി കുടുംബ സമേതം യൂറോപ്പിലേക്ക് പോകേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ യാത്രച്ചിലവ് സർക്കാർ വഹിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചത്. മറിച്ചാണ് മുഖ്യമന്ത്രി പറയുന്നത്.
എങ്കിൽ കുത്തക മുതലാളിമാരുടെ പണമുപയോഗിച്ചാണോ യാത്രയെന്ന് വ്യക്തമാക്കണം. പ്രവാസികളുടെ പണമുപയോഗിച്ച് ആണ് യാത്രയെങ്കിൽ തൊഴിലാളി പാർട്ടിക്ക് ചേർന്നതാണോ അതെന്ന് സ്വയം ചിന്തിക്കട്ടെ. അസാമാന്യതൊലിക്കട്ടിയുള്ളവർക്ക് മാത്രമേ ഇങ്ങനെ കള്ളംപറഞ്ഞ് ജനങ്ങളെ കബളിപ്പിച്ച് യാത്ര നടത്താനാകൂ എന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു. ഉത്തർപ്രദേശിൽ കോടികളുടെ വിദേശ നിക്ഷേപം നടന്നതും നോയിഡ ഐടി ഹബ്ബായതും അവിടുത്തെ മുഖ്യമന്ത്രി കുടുംബസമേതം യാത്ര നടത്തിയിട്ടല്ല. സംസ്ഥാനത്ത് നിക്ഷേപ സൗഹൃദ അന്തരീക്ഷം ഒരുക്കുകയാണെന്ന് വേണ്ടതെന്നും വി.മുരളീധരൻ പറഞ്ഞു.
Discussion about this post