ജമ്മു: ഭീകരരുടെ വെടിയേറ്റ് മരിച്ച കശ്മീരി പൗരന്‍ പുരണ്‍ ഭട്ടിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഷോപിയാനില്‍ നിന്ന് ജമ്മുവിലെത്തിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. ഷോപ്പിയാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സച്ചിന്‍ കുമാര്‍ വൈശ്യ ഭൗതികദേഹത്തെ അനുഗമിച്ചു.
ഭീകരാക്രമണത്തെ ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അപലപിച്ചു. ‘പുരണ്‍ കൃഷന്‍ ഭട്ടിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണം ഭീരുത്വമാണ്. അദ്ദേഹത്തിന്‍റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. അക്രമികളെയും അവരെ സഹായിക്കുന്നവരെയും കഠിനമായി ശിക്ഷിക്കുമെന്ന് ഉറപ്പ് നല്‍കുന്നു,’ സിന്‍ഹ ട്വീറ്റ് ചെയ്തു.
ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി അശോക് കൗള്‍ നിന്ദ്യവും ക്രൂരവുമായ കൊലപാതകത്തെ അപലപിച്ചു. ദേശവിരുദ്ധ ഘടകങ്ങള്‍ ഒരിക്കലും വിജയിക്കില്ലെന്നും മേഖലയിലെ സമാധാനം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ലജ്ജാകരമായ അക്രമണമെന്നാണ് നാഷനല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ള വിശേഷിപ്പിച്ചത്. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി ചെയര്‍മാന്‍ ഗുലാം നബി ആസാദും ആക്രമണത്തെ അപലപിച്ചു. കശ്മീര്‍ താഴ്വരയിലെ ന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാര്‍ സുരുരക്ഷ ഉറപ്പാക്കണമെന്ന് സിപിഎം നേതാവ് എം.വൈ. തരിഗാമി പറഞ്ഞു. അപനി പാര്‍ട്ടി പ്രസിഡന്റ് അല്‍താഫ് ബുഖാരി, ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ് എന്നിവരും പൂരണ്‍ കൃഷന്‍ ഭട്ടിന്‍റെ കുടുംബത്തെ അനുശോചനം അറിയിച്ചു.
Discussion about this post