ന്യൂഡൽഹി: ജമ്മു കശ്മീരിലെ രണ്ട് യൂണിറ്റുകൾ ഉൾപ്പെടെ രാജ്യത്ത് ആകെ 75 ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ യൂണിറ്റുകൾ ഡിജിറ്റൽ സേവനങ്ങളെ ശാക്തീകരിക്കുകയും രാജ്യത്തെ ഡിജിറ്റൽ ബാങ്കിംഗ് സൗകര്യങ്ങൾക്ക് ഗതിവേഗം നൽകുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ സാധാരണക്കാരുടെ ജീവിതം സുഗമമാക്കുന്നതിനാണ് ആത്യന്തിക പ്രാധാന്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികത്തിന്‍റെ ഭാഗമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 75 ജില്ലകളിലെ പൊതു- സ്വകാര്യ മേഖലകളിലായാണ് പുതിയ ബാങ്കിംഗ് യൂണിറ്റുകൾ സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ലളിതമായ ഡിജിറ്റൽ ചട്ടക്കൂടിനുള്ളിൽ നിന്ന് പരമാവധി സേവനങ്ങൾ നൽകുന്ന സ്പെഷ്യൽ ബാങ്കിംഗ് സൗകര്യത്തിന്‍റെ ഭാഗമാണ് ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകളെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
2014 വരെ ഫോൺ ബാങ്കിംഗ് എന്ന പേരിൽ രാജ്യത്ത് നിലനിന്നിരുന്ന സംവിധാനങ്ങളുടെ പോരായ്മകൾ പരിഹരിച്ച്, ഡിജിറ്റൽ ബാങ്കിംഗ് ഏർപ്പെടുത്താനുള്ള ബിജെപി സർക്കാരിന്‍റെ പദ്ധതികളുടെ ഫലമാണ് ഇന്നത്തെ ഈ കുതിപ്പെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. സദ്ഭരണത്തിന്റേയും മികച്ച സേവന ലഭ്യതയുടേയും പര്യായമായി രാജ്യത്തെ ബാങ്കിംഗ് മേഖല മാറി. സാമ്പത്തിക കൈമാറ്റങ്ങളിലെ ചൂഷണം ഒഴിവാക്കുവാനും സുതാര്യത ഉറപ്പ് വരുത്താനും ഡിജിറ്റൽ ബാങ്കിംഗ് പ്രോത്സാഹിപ്പിച്ചതിലൂടെ സാധിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ഉൾപ്പെടെയുള്ള വിവിധ പദ്ധതികളും പ്രധാനമന്ത്രി ഉപോൽബലകമായി വിശദീകരിച്ചു.
Discussion about this post