ശ്രീനഗര്‍: കശ്മീരി പണ്ഡിറ്റ് പുരണ്‍ കൃഷന്‍ ഭട്ടിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വിഘടനവാദി കേന്ദ്രങ്ങളിലേക്ക് മാര്‍ച്ചുമായി ജനങ്ങള്‍. ശ്രീനഗറിലെ രാജ്ബാഗില്‍ ഹുറിയത്ത് കോണ്‍ഫറന്‍സ് ആസ്ഥാനത്തേക്ക് പ്രതിഷേധവുമായെത്തിയെ ജനക്കൂട്ടം ഓഫീസ് കവാടത്തിലെ ബോര്‍ഡ് തകര്‍ത്തു. പകരം ഇന്ത്യ എന്ന് ഗേറ്റില്‍ എഴുതിവച്ചു.
മിര്‍വായിസ് ഉമര്‍ ഫാറൂഖ് നയിക്കുന്ന ഹുറിയത്ത് വിഭാഗത്തിന്‍റെ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചില്‍ പൗരപ്രമുഖരും സാംസ്‌കാരിക പ്രവര്‍ത്തരും ജനപ്രതിനിധികളുമടക്കമുള്ളവര്‍ അണിനിരന്നു.
കശ്മീരിലെ ഭീകരാക്രമണങ്ങള്‍ക്കും ചോരക്കളിക്കും പിന്തുണ നല്‍കുന്നത് വിഘടനവാദി ഗ്രൂപ്പുകളാണെന്ന് ജനക്കൂട്ടം മുദ്രാവാക്യം മുഴക്കി.
വിഘടനവാദികളുടെ ഓഫീസ് ഏറ്റെടുത്ത് അനാഥമന്ദിരം നടത്തുമെന്ന് കശ്മീരി പണ്ഡിറ്റുകള്‍ പ്രഖ്യാപിച്ചു. ചോരയല്ല, സമാധാനമാണ് കശ്മീരിന് വേണ്ടതെന്ന് തിരിച്ചറിഞ്ഞ സമൂഹമാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നതെന്ന് മാര്‍ച്ച് നയിച്ചവര്‍ വ്യക്തമാക്കി.
ശനിയാഴ്ചയാണ് ഷോപിയാനിലെ ചൗധരിഗുണ്ട് മേഖലയില്‍ തറവാടിനു മുന്നില്‍ വച്ച് കര്‍ഷകനായ പുരണ്‍ ഭട്ട് കൊല്ലപ്പെട്ടത്. ഞായറാഴ്ച ജമ്മുവില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരം. തുടര്‍ന്ന് നൂറുകണക്കിനാളുകള്‍ പുരണ്‍ ഭട്ടിന്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് ജമ്മുവിലുടനീളം ദീപങ്ങള്‍ തെളിച്ചു. ഷോപിയാന്‍, ബണ്ടിപ്പോര, ബാരാമുള്ള, ഗന്ദര്‍ബാല്‍, കുപ്‌വാര, കുല്‍ഗം, അനന്ത്‌നാഗ്, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ സ്ത്രീകളടക്കമുള്ളവര്‍ മെഴുകുതിരി പ്രകടനം നടത്തി.
Discussion about this post