ന്യൂദല്‍ഹി : തനിക്ക് ആര്‍എസ്എസ് ബന്ധമുണ്ടെങ്കില്‍ മുഖ്യമന്ത്രി തെളിവ് നല്‍കണം. തെളിയിക്കാനായാല്‍ ആ നിമിഷം രാജിവെയ്ക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാര്‍ നടപടികളില്‍ താന്‍ അനാവശ്യ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി തെളിവ് നല്‍കട്ടെയെന്നും ഗവര്‍ണര്‍ പറഞ്ഞു. ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ കള്ളക്കടത്തില്‍ ഉള്‍പ്പെട്ടാല്‍ ഇടപെടും. യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും അതിനെതിരെ നടപടി കൈക്കൊള്ളും. പുറത്താക്കാതിരിക്കാന്‍ കാരണം വ്യക്തമാക്കിക്കൊണ്ടുള്ള വിസിമാരുടെ വിശദീകരണം കിട്ടിയിട്ടില്ല. മറുപടി നല്‍കാന്‍ അവര്‍ക്കായി ഈ മാസം ഏഴാം തിയതി വരെ സമയം നല്‍കിയിട്ടുണ്ട്. അതിനുശേഷം മാത്രമേ നടപടി സ്വീകരിക്കൂ. വിസിമാരുടെ കാര്യത്തില്‍ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇവിടെ സര്‍വ്വകലാശാലകളിലടക്കം ഇഷ്ടക്കാരെ തിരുകി കയറ്റുകയാണ്.
ദേശീയ ഐക്യത്തെ വെല്ലുവിളിക്കാന്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ശ്രമിച്ചെന്നും ഗവര്‍ണര്‍ വിമര്‍ശനം ഉയര്‍ത്തി. എന്നാല്‍ മന്ത്രിയെ പുറത്താക്കാന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ക്ക് എന്നോട് ചോദിക്കാന്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മാത്രമാണ് ആവേശം. മുഖ്യമന്ത്രിയോട് ആരും ഒന്നും ചോദിക്കില്ല. മുഖ്യമന്ത്രിക്ക് മുന്നില്‍ മാധ്യമങ്ങള്‍ വായടക്കുകയാണ്.
അതേസമയം സ്വപ്‌ന സുരേഷിനെപ്പറ്റിയും ഗവര്‍ണര്‍ പരാമര്‍ശം നടത്തി. ആ വനിതയ്ക്ക് ജോലി നല്‍കിയത് എങ്ങനെയാണ്. അവരെ ഹില്‍സ്റ്റേഷനിലേക്ക് ക്ഷണിച്ചത് ആരാണ്? വിവാദ വനിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്നിട്ടില്ലേ? ശിവശങ്കര്‍ ആരായിരുന്നു. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജിവെച്ചത് ഏത് കാരണത്താലാണ്? ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post