ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹാരി വിഭാഗത്തിന് പട്ടികവര്‍ഗ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. പഹാരികള്‍ക്കുള്ള സംവരണം പരിശോധിക്കാന്‍ രൂപീകരിച്ച ജി ഡി ശര്‍മ കമ്മിഷന്‍ നല്‍കിയ ശിപാര്‍ശ പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെന്നും നിയമക്രമം പൂര്‍ത്തീകരിക്കുന്നതോടെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും അമിത് ഷാ അറിയിച്ചു. ഇതോടെ ഇന്ത്യയില്‍ ഒരു ഭാഷാ വിഭാഗത്തിന് പട്ടികവര്‍ഗ ആനുകൂല്യം ലഭിക്കുന്നത് ഇതാദ്യമാകും. ജോലിയിലും കോളജ് പ്രവേശനത്തിലും പഹാരി സമുദായത്തിന് 10 ശതമാനം സംവരണം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ സംവരണ നിയമം ഭേദഗതി ചെയ്യും.
ജമ്മുകശ്മീരില്‍ പഹാരി ഭാഷ സംസാരിക്കുന്നവരുടെ എണ്ണം ആറ് ലക്ഷമാണ്. അതില്‍ 55 ശതമാനം ഹിന്ദുക്കളും ബാക്കിയുള്ളവര്‍ മുസ്ലീങ്ങളുമാണ്. ഗുജ്ജര്‍, ബക്കര്‍വാള്‍ സമുദായങ്ങള്‍ക്ക് അനുവദിച്ച പട്ടികവര്‍ഗ ക്വാട്ടയാണ് തങ്ങള്‍ക്കും വേണമെന്ന പഹാരികളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അനന്ത്നാഗ്, ബാരാമുള്ള ജില്ലകള്‍ക്ക് പുറമെ പിര്‍ പഞ്ചല്‍ മേഖലയിലെ പിന്നാക്ക മേഖലയിലാണ് ഈ മൂന്ന് സമുദായങ്ങളും താമസിക്കുന്നത്. അതേസമയം പഹാരികള്‍ക്ക് സംവരണം നല്‍കുന്നതിനെഗുജ്ജര്‍, ബക്കര്‍വാള്‍ സമുദായങ്ങള്‍ എതിര്‍ത്തു. പഹാരികള്‍ ഒരു ജാതിവിഭാഗമല്ലെന്നും ഭാഷാ സമൂഹമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്.
പഹാരി സമുദായത്തിന് എസ്ടി (പട്ടികവര്‍ഗ) പദവി നല്‍കിയതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് നന്ദി അറിയിക്കുന്നതായി കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിങ് ട്വീറ്റ് ചെയ്തു.
സാര്‍വത്രിക വികസനത്തിലേക്കുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശ്രദ്ധേയമായ ചുവടുവയ്പാണിതെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post