ചെന്നൈ: തമിഴ്നാട്ടിൽ നിശ്ചയിച്ച 50 സ്ഥലങ്ങളിൽ 44 ഇടത്തും നാളെ പഥസഞ്ചലനവും പൊതുയോഗങ്ങളും നടത്താൻ മദ്രാസ് ഹൈക്കോടതി ആർഎസ്എസിന് അനുമതി നൽകി. ശേഷിക്കുന്ന ആറിടങ്ങളിൽ പിന്നീട് നടത്തുന്ന കാര്യം പരിഗണിക്കാം. ഘോഷോടു കൂടി പഥസഞ്ചലനം നടത്താനാണ് അനുമതി.
ക്രമസമാധാന പ്രശ്നങ്ങളുള്ള ആറിടങ്ങളിൽ ഒഴികെ മറ്റെല്ലായിടത്തും പഥസഞ്ചലനം നടത്താമെന്ന് ജസ്റ്റിസ് ജി.കെ. ഇളന്തിരയ്യൻ വ്യക്തമാക്കി. തമിഴ്നാട് പോലീസ് മുദ്ര വച്ച കവറിൽ നൽകിയ രഹസ്യാന്വേഷണ റിപ്പോർട്ട് പരിശോധിച്ചതിനു ശേഷമായിരുന്നു ഹൈക്കോടതിയുടെ നടപടി.
നാഗർകോവിൽ, കോയമ്പത്തൂർ സിറ്റി, പൊള്ളാച്ചി, തിരുപ്പൂർ, പല്ലാടം, അരുമണി എന്നിവിടങ്ങളിലാണ് അനുമതിയില്ലാത്തത്. ഇവിടങ്ങളിൽ രണ്ടു മാസം കഴിഞ്ഞ് പഥസഞ്ചലനം നടത്താൻ പോലീസിൽ നിന്ന് അനുമതി തേടാനും കോടതി ആർഎസ്എസിനോട് നിർദേശിച്ചു. പ്രശ്നം ഉണ്ടാക്കരുതെന്ന് പോലീസ് ഉദ്യോഗസ്ഥരോട് നിർദേശിക്കാൻ ഡിജിപിയോട് ഉത്തരവിട്ട കോടതി പഥസഞ്ചലനങ്ങൾക്ക് മതിയായ സുരക്ഷ ഒരുക്കാനും നിർദേശിച്ചു.
വിജയദശമി, അംബേദ്കർ ജയന്തി, ഗാന്ധിജയന്തി എന്നിവയുമായി ബന്ധപ്പെട്ട് ഒക്ടോബർ രണ്ടിന് തമിഴ്നാട്ടിലെ 50 കേന്ദ്രങ്ങളിൽ പഥസഞ്ചലനവും പൊതുയോഗവും നടത്താനായിരുന്നു ആർഎസ്എസ് തീരുമാനിച്ചിരുന്നത്. എന്നാൽ സർക്കാർ നിർദേശ പ്രകാരം ഇവയ്ക്ക് പോലീസ് അനുമതി നിഷേധിച്ചു. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച സാഹചര്യത്തിൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നും നിരോധനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് പോലീസിനെ നിയോഗിച്ചതിനാൽ പഥസഞ്ചലനത്തിന് സുരക്ഷ ഒരുക്കാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതിനെതിരെ ആർഎസ്എസ് പ്രവർത്തകർ ഹർജികൾ നൽകി. തുടർന്ന് മറ്റൊരു ദിവസത്തേക്ക് പരിപാടി മാറ്റിവയ്ക്കാൻ സാധിക്കുമോയെന്ന് ഹൈക്കോടതി ആരാഞ്ഞു. നവംബർ ആറിലേക്ക് മാറ്റാമെന്ന് ആർഎസ്എസ് മറുപടിയും നൽകി. അന്ന് പരിപാടികൾ നടത്താൻ അനുമതി നൽകാൻ കോടതി സർക്കാരിനോടും നിർദ്ദേശിച്ചു.
എന്നാൽ ഏതാനും ദിവസം മുൻപ് തമിഴ്നാട് സർക്കാർ അനുമതി വെറും മൂന്ന് സ്ഥലങ്ങളിലേക്ക് മാത്രമാക്കി വെട്ടിക്കുറച്ചതായി ഹൈക്കോടതിയെ അറിയിച്ചു. കോയമ്പത്തൂർ സ്ഫോടനം, സംസ്ഥാനത്തെ കനത്ത മഴ എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. തുടർന്ന് കോടതി അടിയന്തരമായി റിപ്പോർട്ട് തേടി.
റിപ്പോർട്ട് പരിശോധിച്ച കോടതി അതിലൊരു കഴമ്പുമില്ലെന്ന് ചൂണ്ടിക്കാട്ടി. 2008, 2009, 2010, 2011, 2012 എന്നിങ്ങനെ ചില ക്രൈം നമ്പറുകൾ മാത്രമാണ് പോലീസ് നൽകിയത്. സമീപ കാലത്തെ അവിടെയുമിവിടെയുള്ള ചിതറിക്കിടക്കുന്ന ചില സംഭവങ്ങൾ മാത്രമാണ് എനിക്ക് റിപ്പോർട്ടിൽ കാണാൻ സാധിച്ചത്. ജസ്റ്റിസ് ഇളന്തിരയ്യൻ ചൂണ്ടിക്കാട്ടി. ഇവയ്ക്ക് കോയമ്പത്തൂർ സ്ഫോടനവുമായി എന്തു ബന്ധമെന്നും കോടതി ചോദിച്ചു.
Discussion about this post