ന്യൂഡൽഹി : പാർലമെന്റിന്‍റെ ശീതകാല സമ്മേളനം ഡിസംബർ 7 ന് ആരംഭിച്ച് 29 ന് അവസാനിക്കും. 23 ദിവസങ്ങളിലായി 17 സിറ്റിംഗുകളാകും സമ്മേളനത്തിൽ ഉണ്ടാവുക. കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ ഉപരിസഭയിലെ നടപടികൾ നിയന്ത്രിക്കുന്ന ആദ്യ സെഷനാണിത്.
ബിജെപി എംപി ധർമപുരി അരവിന്ദിന്‍റെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തെ ജോഷി അപലപിച്ചു.ജനപ്രതിനിധികളെയും ബിജെപിയെ പിന്തുണയ്‌ക്കുന്നവരെയും ഭീഷണിപ്പെടുത്തുന്ന ടിആർഎസിന്‍റെ ഗുണ്ടാ മനോഭാവത്തെ താൻ അപലപിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ.
തെലങ്കാന ഇന്ന് കടക്കെണിയിൽ അകപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. കെസിആർ, കെടിആർ, അവരുടെ കുടുംബങ്ങൾ, ചില മന്ത്രിമാർ എന്നിവർ സമ്പന്നരായി. എന്നാൽ ഒരോ ദിവസം കഴിയുമ്പോഴും സംസ്ഥാനവും അവിടുത്തെ ജനങ്ങളും ദാരിദ്ര്യത്തിലേക്ക് പോവുകയാണെന്നും ജോഷി കൂട്ടിച്ചേർത്തു.
Discussion about this post