രാജ്കോട്ട്: വോട്ട് ചെയ്യാത്തവരില്‍ നിന്ന് പിഴ ഈടാക്കുന്ന ഒരു ഗ്രാമം ഗുജറാത്തിലുണ്ട്. തെരഞ്ഞെടുപ്പില്‍ പരമാവധി പങ്കാളിത്തം ഉറപ്പാക്കാനാണ് രാജ്കോട്ട് ജില്ലയിലെ രാജ് സമാധിയാല ഗ്രാമത്തിലെ ജനങ്ങള്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. തെരഞ്ഞെടുപ്പ് ദിവസം വോട്ടുചെയ്യാന്‍ പുറത്തിറങ്ങാത്തവരില് നിന്ന് 51 രൂപ പിഴയും ചുമത്തും. ഗ്രാമവികസന സമിതി (വില്ലേജ് ഡെവലപ്മെന്റ് കമ്മറ്റി) രൂപപ്പെടുത്തിയ ചട്ടങ്ങളില്പ്പെട്ടതാണ് ഈ തീരുമാനം. അതുകൊണ്ടു തന്നെ ഗ്രാമത്തില്‍ 100 ശതമാനമാണ് പോളിങ്.
എന്നാല്‍ വോട്ട് ചെയ്യുന്നതിനുള്ള താത്പര്യം തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വേണ്ടെന്നും ചട്ടമുണ്ട്. അതുകൊണ്ട് ഗുജറാത്തിലെങ്ങും തെരഞ്ഞെടുപ്പ് പോര് മുറുകുമ്പോഴും രാജ് സമാധിയാല ശാന്തമാണ്. ഇവിടെ പ്രചരണമില്ല, സമ്മേളനങ്ങളില്ല, റോഡ് ഷോകളില്ല, സ്ഥാനാര്ത്ഥികളെത്തുന്നില്ല. ഗ്രാമത്തിലേക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയുമായി ആരുമെത്താറില്ല. രാഷ്ട്രീയ പ്രചാരണം വേണ്ടെന്ന ഗ്രാമവാസികളുടെ കൂട്ടായ തീരുമാനം ഗ്രാമമുഖ്യന്റെ (സര്‍പഞ്ച്) നേതൃത്വത്തില്‍ കാലങ്ങളായി നടപ്പാക്കുന്നുമുണ്ട്. രാഷ്ട്രീയത്തിന്റെ പേരിലുള്ള മത്സരം ഗ്രാമത്തിന് ദോഷമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം.
രാജ്സമാധിയാലയില് വോട്ടര്‍പ്പട്ടികയില്‍ പേരുള്ളവരുടെ എണ്ണം രണ്ടായിരത്തോളമേ വരൂ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവര്‍ ഒരു സമിതി രൂപീകരിക്കും. പോളിങ്ങിന് ഏതാനും ദിവസം മുമ്പ്, സമിതി അംഗങ്ങള്‍ ഗ്രാമവാസികളുടെ യോഗം വിളിക്കുകയും ആര്‍ക്കെങ്കിലും വോട്ടുചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ അതിന് അവിടെ കാരണം നല്‍കുകയും വേണം. 1983 മുതല്‍ രാജ്സമാധിയാല ഇങ്ങനെയാണ്. അവര്‍ സര്‍പഞ്ചിനെ തെരഞ്ഞെടുക്കുന്നതും സമവായത്തിലൂടെയാണ്.
വോട്ട് ചെയ്യാത്തതിന് മാത്രമല്ല പിഴ. ഗുട്ക വില്‍ക്കുന്നതിനും പ്ലാസ്റ്റിക് വലിച്ചെറിയുന്നതിനും 51 രൂപ പിഴ കെട്ടണം. എല്ലാവര്ക്കും പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധിതമാണ്. ജാതീയത അനുവദിക്കില്ല. കള്ളസാക്ഷി പറഞ്ഞാല്‍ 251 രൂപ പിഴ, കള്ള് വിറ്റാലും വാങ്ങിയാലും 500 രൂപ പിഴ, ഭൂമി കൈയേറുന്നതിന് 251, പൊതുമധ്യത്തില്‍ തെറി പറഞ്ഞാല്‍ 251, മരം നശിപ്പിച്ചാല്‍ 500, ലോക് അദാലത്തില്‍ പരിഹാരത്തിന് ശ്രമിക്കാതെ പോലീസിലോ കോടതിയിലോ പരാതിയുമായി പോയാല്‍ 500, അന്ധവിശ്വാസം പ്രചരിപ്പിച്ചാല്‍ 500 രൂപ നല്ലനടപ്പിന്റെ ഈ ചട്ടങ്ങളാണ് രാജ് സമാധിയാലയുടെ സമാധാനം.
Discussion about this post