പ്രയാഗ്‌രാജ്: ആത്മീയതയാണ് ധാര്‍മ്മികജീവിതത്തിന്‍റെ കരുത്തെന്നും ആത്മീലോകനന്മയ്ക്കായി സുദീര്‍ഘ തപം ചെയ്ത മഹാപുരുഷന്മാരുടെ പാരമ്പര്യമാണ് ഭാരതത്തെ സജീവമാക്കി നിലനിര്‍ത്തിയതെന്നും ആര്‍എസ്എസ് സര്‍സംഘചാലക്. സമാജത്തിനെയാകെ ധാര്‍മ്മികജീവിതത്തിലൂന്നി മുന്നോട്ടുപോകാനും സ്വാര്‍ത്ഥം വെടിഞ്ഞ് സമാജമെന്ന നിലയില്‍ സംഘടിക്കാനും മഹാത്മാക്കളുടെ ഈ പരമ്പര പ്രേരണയായിട്ടുണ്ട്. ലോകമെങ്ങുമുള്ള ജനത അവനവന് വേണ്ടി മാത്രം ചിന്തിച്ചപ്പോള്‍ അതേ ലോകത്തെ വിശ്വമംഗളത്തിന് വേണ്ടി പ്രയത്‌നിക്കാന്‍ പ്രേരിപ്പിക്കുകയാണ് അവര്‍ ചെയ്തതെന്നും അത്തരം മഹാപുരുഷന്മാരെ ആരാധിക്കുന്നത് നന്മയുടെ യുഗത്തെ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശങ്കരാചാര്യ സ്വാമി ബ്രഹ്‌മാനന്ദ സരസ്വതിയുടെ 150-ാം ജയന്തി ആരാധനാ മഹോത്സവം അലോപ്പി ബാഗിലെ ശങ്കരാചാര്യ ആശ്രമത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സര്‍സംഘചാലക്.
ബ്രഹ്‌മസത്യം ജഗന്മിഥ്യ എന്നതാണ് ശങ്കരാചാര്യസ്വാമികള്‍ മുന്നോട്ടുവച്ച കാഴ്ചപ്പാട്. ഇതാണ് ജീവിത സാരമെന്ന് എല്ലാ ജ്ഞാനികളും ലോകത്തെ ഉദ്‌ബോധിപ്പിച്ചു. ആത്മീയപാതയിലല്ലാതെ ലൗകികജീവിതവ്യവസ്ഥിതികള്‍ നിലനില്ക്കില്ലെന്ന് ഡോ. ഭീംറാവുജി അംബേദ്കറും വഴികാട്ടിയിട്ടുണ്ട്. മഹാത്മജിയും രവീന്ദ്രനാഥ ടാഗോറുമൊക്കെ മുന്നോട്ടുവച്ച തത്വം ഇതാണ്. ഇതാണ് സത്യമെന്ന് അറിഞ്ഞിട്ടും ലോകം പക്ഷേ മിഥ്യക്ക് പിന്നാലെ പായുകയാണ്. ധര്‍മ്മം ആത്മീയഭാവമാണ്. അത് എല്ലാവരെയും ഒന്നിപ്പിക്കും, എല്ലാവരെയും ഒപ്പം ചേര്‍ന്നുയര്‍ത്തും. ആത്മീയതയില്ലാത്ത മതങ്ങള്‍ ശക്തിമാന്‍ അതിജീവിക്കുകയും ദുര്‍ബലന്‍ നശിച്ചുപോവുകയും ചെയ്യുമെന്ന് പറയുമ്പോള്‍ ഭാരതം ശക്തിയുള്ളവന്‍ ദുര്‍ബലനെ സംരക്ഷിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. അത് ശക്തിയുള്ളവന്‍റെ ധര്‍മ്മമാണ്, സര്‍സംഘചാലക് പറഞ്ഞു.
വ്യാസപീഠത്തിന് മുന്നില്‍ ആരാധന നടത്തി, ശങ്കരാചാര്യ സ്വാമി ശാന്താനന്ദ സരസ്വതി, ബ്രഹ്‌മാനന്ദ സരസ്വതി എന്നിവരുടെ ചിത്രങ്ങളില്‍ മാല ചാര്‍ത്തിയാണ് സര്‍സംഘചാലക് ഡിസംബര്‍ എട്ട് വരെ തുടരുന്ന ആരാധനാ മഹോത്സവം ഉദ്ഘാടനം ചെയ്തത്.
ശങ്കരാചാര്യ സ്വാമി വാസുദേവാനന്ദ സരസ്വതി സര്‍സംഘചാലകനെ പൊന്നാടയണിയിച്ച് വേദിയിലേക്ക് സ്വാഗതം ചെയ്തു. മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിയും പരിപാടിയില്‍ പങ്കെടുത്തു.
Discussion about this post