പനാജി: വിവിധ ചികിത്സാ രീതികൾ പരീക്ഷിച്ച് ഒടുവിൽ പുരാതന ആയുർവേദ ചികിത്സയിലേക്ക് മടങ്ങുകയാണ് ലോകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒമ്പതാമത് ലോക ആയുർവേദ കോൺഗ്രസിന്‍റെയും (ഡബ്ല്യൂഎസി) ആരോഗ്യ എക്സ്പോയുടെയും സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 50-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ആയുർവേദ കോൺഗ്രസിൽ പങ്കെടുത്തിരുന്നു.
ഗോവ ആസ്ഥാനമായുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ, ഗാസിയാബാദ് ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ, ഡൽഹി ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി എന്നിവയും പ്രധാനമന്ത്രി വെർച്വലായി ഉദ്ഘാടനം ചെയ്തു.
”ലോകം നിരവധി ചികിത്സാ രീതികൾ പരീക്ഷിച്ചു. ഇപ്പോൾ പുരാതനമായ ആയുർവേദ രീതിയിലേക്ക് മടങ്ങുകയാണ്. ശാരീരിക ആരോഗ്യത്തെക്കുറിച്ച് മാത്രമല്ല. ഒരു മനുഷ്യന് ആരോഗ്യപരമായി ആവശ്യമായ എല്ലാതിനെക്കുറിച്ചും ആയുർവേദം സംസാരിക്കുന്നു.”പ്രധാനമന്ത്രി പറഞ്ഞു. പരമ്പരാഗത വൈദ്യശാസ്ത്ര രീതിയായി 30 ലധികം രാജ്യങ്ങൾ ആയുർവേദത്തെ അംഗീകരിച്ചു കഴിഞ്ഞു. ഇക്കാര്യത്തിൽ അത്യധികം സന്തോഷമുണ്ടെന്നും കൂടുതൽ രാജ്യങ്ങളിലേക്ക് ആയുർവേദ ചികിത്സയുടെ പ്രധാന്യം വ്യാപിപ്പിക്കണമെന്നും മോദി പറഞ്ഞു.
മോഡേൺ സയൻസും ചികിത്സയും തെളിവുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഡാറ്റാബേസിനെ ആശ്രയിച്ചാണിരിക്കുന്നത്. സമാനമായി ആയുർവേദ മേഖലയിലും അത്തരമൊരു ഡാറ്റാബേസ് സൃഷ്ടിക്കേണ്ടതുണ്ട്. കേന്ദ്ര സർക്കാരിന്‍റെ ആയുഷ് പോർട്ടലിൽ ഇതിനോടകം 40,000 ഗവേഷണ പഠനങ്ങൾ അപ് ലോഡ് ചെയ്തു കഴിഞ്ഞുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ആയുർവേദ വ്യവസായം എട്ട് വർഷം കൊണ്ട് 20,000 കോടി രൂപയിൽ നിന്ന് 1.50 ലക്ഷം കോടി രൂപയായി വളർന്നിരിക്കുകയാണ്. ആയുർവേദത്തിന്‍റെ ആഗോള വിപണി വളരുകയാണെന്നും ഇത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post