കൊല്‍ക്കത്ത: ശ്രീ ശാരാദാമഠം, ദക്ഷിണേശ്വറിലെ ശ്രീരാമകൃഷ്ണ, ശാരദാ മിഷന്‍ എന്നിവയുടെ നാലാമത്തെ അധ്യക്ഷ പ്രവ്രാജിക ഭക്തിപ്രാണ മാതാ(101) സമാധിയായി. പ്രായത്തിന്‍റെ അവശത മൂലം രാമകൃഷ്ണ മിഷന്‍സേവാ പ്രതിഷ്ഠാനില്‍ പ്രവേശിപ്പിച്ചിരുന്ന അവര്‍ക്ക് അഞ്ചാം തീയതി പനി ബാധിച്ചതോടെ ആരോഗ്യം വഷളാകുകയും ഞായറാഴ്ച’രാത്രി പതിനൊന്നരയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അനുശോചിച്ചു. സമൂഹത്തെ സേവിക്കാനുള്ള ഭക്തിപ്രാണമാതാജിയുടെ കഠിന ശ്രമങ്ങള്‍ എന്നും സ്മരിക്കപ്പെടും, മോദി ട്വിറ്ററില്‍ കുറിച്ചു.
1920 ഒക്‌ടോബറില്‍ കൊല്‍ക്കത്തയില്‍ ജനിച്ച കല്യാണി ബാനര്‍ജിയാണ് പിന്നീട് സംന്യാസം സ്വീകരിച്ച് ഭക്തിപ്രാണ മാതയായത്. കുട്ടിക്കാലത്തേ ആധ്യാത്മിക വിഷയങ്ങളില്‍ അതീവ തത്പരയായിരുന്നു. ബേലൂര്‍ മഠവുമായി അടുത്ത ബന്ധം പുലര്‍ത്തി.
ശാരദേശ്വരി ആശ്രമത്തിലും ഹിന്ദു ഗേള്‍സ് സ്‌കൂളിലും പഠനം. പിന്നീട് ആതുരശുശ്രൂഷയില്‍ പരിശീലനം നേടി, 1950ല്‍ രാമകൃഷ്ണ ശാരദാ മിഷന്‍റെ മാതൃഭവന്‍ ആശുപത്രിയില്‍ നഴ്‌സായി ചേര്‍ന്നു. 59ല്‍ സംന്യാസം സ്വീകരിച്ചു. 98ല്‍ ശാരദാമഠത്തിന്‍റെയും ശ്രീരാമകൃഷ്ണ, ശാരദാമിഷന്റെയും ഉപാധ്യക്ഷയായി. 2009ല്‍ ഇവയുടെ നാലാമത്തെ അധ്യക്ഷയായി.
സ്വാമി ശങ്കരാനന്ദയില്‍ നിന്നാണ് സംന്യാസം സ്വീകരിച്ചത്. ശ്രീരാമകൃഷ്ണ പരമഹംസരുടെ പല ശിഷ്യന്മാരെയും നേരിട്ടു കണ്ടിട്ടുള്ള സ്വാമിനി, സ്വാമി വിജ്ഞാനാനന്ദയുടെ ശിഷ്യയായിരുന്നു. 1961ലാണ് രാമകൃഷ്ണ മിഷന്‍, മാതൃഭവന്‍ ശ്രീരാമകൃഷ്ണ, ശാരദാ മിഷന് കൈമാറിയത്. അതിനുശേഷം, സ്വാമിനി, മാതൃഭവന്‍ ആശുപത്രിയുടെ സെക്രട്ടറിയായി. 2009 വരെ മാതൃഭവന്റെ ചുമലതകള്‍ വഹിച്ചു. അതിനു ശേഷമാണ് മിഷന്‍റെ അധ്യക്ഷയായത്.
Discussion about this post