ഭോപ്പാല്‍: സ്വാവലംബി അഭിയാന്‍ അവികസിത രാജ്യത്തെ വികസിതമാക്കാനുള്ള മുന്നേറ്റമല്ല, വികസിതമായിരുന്ന ഒരു രാജ്യത്തെ വീണ്ടും ആ സുവര്‍ണകാലത്തിലേക്കെത്തിക്കാനുള്ള പരിശ്രമമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. മധ്യപ്രദേശില്‍ സ്വാവലംബി അഭിയാന് കീഴില്‍ സ്വദേശി ജാഗരണ്‍ മഞ്ച് പതിനാറ് ജില്ലകളിലായി ആരംഭിച്ച എംപ്ലോയ്മെന്റ് ജനറേഷന്‍ സെന്ററുകള്‍ ശിവാജിനഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭോപ്പാല്‍, വിദിഷ, റെയ്സെന്‍, സെഹോര്‍, രാജ്ഗഡ്, നര്‍മ്മദാപുരം, ബേതുള്‍, ഹര്‍ദ, അശോക്‌നഗര്‍, ഗുണ, ശിവപുരി, ദാതിയ, ഗ്വാളിയോര്‍, ഭിന്‍ഡ്, മൊറേന, ഷിയോപൂര്‍ ജില്ലാ കേന്ദ്രങ്ങളിലാണ് തൊഴില്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചത്.
ഇന്ത്യ ഒരു കാര്‍ഷിക രാഷ്ട്രം മാത്രമായിരുന്നു എന്ന ധാരണ ശരിയല്ല. ഭാരതം പോറ്റി വളര്‍ത്തിയ 64 കലകളില്‍ വ്യവസായവുമുണ്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ ശാസ്ത്ര-വ്യാവസായിക മേഖലകളില്‍ വികസിത രാജ്യമായിരുന്നുവെന്ന് ധരംപാലിന്റെ ഗവേഷണപഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ എങ്ങനെയാണ് ഇന്ത്യയിലെ വ്യവസായങ്ങള്‍ കൊള്ളയടിച്ച് തകര്‍ത്തതെന്ന് വില്‍ ഡ്യൂറന്റ് കണക്കുകള്‍ സഹിതം പറഞ്ഞിട്ടുണ്ട്, സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.
സ്വതന്ത്ര ഇന്ത്യ സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിച്ചിരുന്നില്ല എന്നത് വാസ്തവമാണ്. സ്വാവലംബി അഭിയാന്‍ അതിനുള്ള പരിശ്രമമാണ് നടത്തുന്നത്. തൊഴിലവസരങ്ങള്‍ക്കായി ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കേണ്ടതുണ്ട്. സ്വയംതൊഴില്‍ സംരംഭത്തിന് സഹായം തേടുന്ന യുവാക്കളെ സര്‍ക്കാരുകള്‍ നിരുത്സാഹപ്പെടുത്തരുത്. അവരെ നയിക്കുക, വിശ്വസിക്കുക, പ്രോത്സാഹിപ്പിക്കുക. എത്ര ചെറുതാണെങ്കിലും സമൂഹത്തില്‍ സ്വയം തൊഴിലിന് അനുകൂലമായ അന്തരീക്ഷം ഉണ്ടാകണം. സ്വന്തമിടങ്ങളില്‍ തൊഴില്‍ സംരംഭങ്ങള്‍ ഉണ്ടാകണം. തൊഴില്‍ തേടി നഗരങ്ങളിലേക്കോ അന്യനാടുകളിലേക്കോ പലായനം ചെയ്യുന്ന അവസ്ഥ ഉണ്ടാകരുത്. പരമ്പരാഗത വൈദഗ്ധ്യങ്ങളില്‍ പുതിയ സാങ്കേതികവിദ്യ ഇണക്കുന്നതിലൂടെ, കഴിവുകള്‍ കൂടുതല്‍ ഫലപ്രദമാക്കാനാകും, അദ്ദേഹം പറഞ്ഞു.
വൈദേശികാധിപത്യത്തില്‍ നിന്ന് സ്വതന്ത്രമാകുന്നതോടെ അവസാനിക്കുന്നതല്ല സ്വാതന്ത്ര്യസമരം. സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളില്‍ ദേശീയമായ കാഴ്ചപ്പാടുകള്‍ നിറയുന്നത് വരെ, സമാജജീവിതം സ്വത്വത്തില്‍ അധിഷ്ഠിതമാകുംവരെ പൂര്‍ണസ്വതന്ത്രത കൈവന്നുവെന്ന് പറയാനാകില്ല, ഹൊസബാളെ പറഞ്ഞു.
ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്‍ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഓംപ്രകാശ്, സ്വാവലംബി ഭാരത് അഭിയാന്‍ ദേശീയ സംയോജകന്‍ ജിതേന്ദ്ര ഗുപ്ത, സ്വദേശി ജാഗരണ്‍ മഞ്ച് മധ്യഭാരത് വനിതാ വിഭാഗം അധ്യക്ഷ പ്രതിഭ ചതുര്‍വേദി എന്നിവര്‍ പങ്കെടുത്തു.
Discussion about this post