ന്യൂദൽഹി: ഖത്തറിലേത് പോലെ ഇന്ത്യയിലും ആഘോഷം നടക്കുന്ന ദിവസം വിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഖത്തറിലെ കളിയും കളിക്കളത്തിലെ വിദേശ ടീമുകളെയും നമ്മൾ നോക്കി കാണുന്നുണ്ടാകാം. എന്നാൽ ഈ രാജ്യത്തെ യുവാക്കളിൽ എനിക്ക് വിശ്വാസമുണ്ട്. അതിനാൽ ഇന്ത്യയിൽ സമാനമായ ഒരു ഉത്സവം ആഘോഷിക്കുകയും ത്രിവർണ പതാക പാറിപറക്കുകയും ചെയ്യുമെന്ന് ആത്മവിശ്വാസത്തോടെ പറയാൻ കഴിയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മേഘാലയയിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ വടക്ക് കിഴക്കൻ മേഖലയിലെ വികസനത്തിലുണ്ടായിരുന്ന തടസ്സങ്ങൾ സർക്കാർ നീക്കിയെന്നും മോദി കൂട്ടിച്ചേർത്തു. മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. വത്തിക്കാനിൽ വെച്ചുള്ള കൂടിക്കാഴ്ചയിലാണ് ക്ഷണിച്ചത്. സ്നേഹവും സാഹോദര്യവും നിലനിർത്തേണ്ടതിനെ കുറിച്ച് സംസാരിച്ചുവെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ സന്ദർശനം തുടരുകയാണ്. രാവിലെ മേഘാലയയിലെ ഷില്ലോങ്ങിൽ എത്തിയ മോദി നോർത്ത് ഈസ്റ്റ് കൗൺസിലിന്റെ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ശേഷം ത്രിപുരയിലെക്ക് തിരിച്ച് പ്രധാനമന്ത്രി ആകെ 6800 കോടി രൂപയുടെ വിവിധ പദ്ദതികൾക്ക് ഇന്ന് തറക്കല്ലിടും.
Discussion about this post