ന്യൂദൽഹി: രാജ്യസഭ നിയന്ത്രിക്കാനുള്ളവരുടെ വൈസ് ചെയര്‍പേഴ്‌സണ്‍ പാനലില്‍ പിടി ഉഷയെയും ഉള്‍പ്പെടുത്തി. രാജ്യസഭ അദ്ധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറാണ് ഇക്കാര്യം അറിയിച്ചത്. മലയാളിയും ലോകപ്രശസ്ത അത്‌ലറ്റുമായിരുന്ന പിടി ഉഷ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമാണ്.
രാജ്യത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് നോമിനേറ്റഡ് അംഗത്തെ രാജ്യസഭ നിയന്ത്രിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. രാജ്യസഭയില്‍ അധ്യക്ഷനും ഉപാധ്യക്ഷനും ഇല്ലാത്ത സമയത്ത് സഭ നിയന്ത്രിക്കുന്നവരുടെ പാനലാണിത്. നേരത്തെ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ അദ്ധ്യക്ഷയായി പിടി ഉഷയെ ഔദ്യോഗികമായി തിരഞ്ഞെടുത്തിരുന്നു.ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന്‍റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് പിടി ഉഷ.
സുപ്രീം കോടതി മുൻ ജസ്റ്റിസ് എൽ.നാഗേശ്വർ റാവുവിന്‍റെ മേൽനോട്ടത്തിൽ നടന്ന തിരഞ്ഞെടുപ്പിലാണ് ഉഷയെ എതിരില്ലാതെ തിരഞ്ഞെടുത്തത്. നേരത്തെ ഏഷ്യൻ അത്‌ലറ്റിക് ഫെഡറേഷന്റെയും ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന്‍റെയും നിരീക്ഷക പദവിയും അവർ വഹിച്ചിരുന്നു.
Discussion about this post