അഹമ്മദാബാദ്: സമത്വപൂര്‍ണമായ ജീവിതത്തിലേക്ക് മുന്നേറാന്‍ സഹവര്‍ത്തിത്വം അനിവാര്യമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സഹവര്‍ത്തിത്വം എന്നത് കേവലം കാര്യപരിപാടിയല്ല, സമാജത്തിന്‍റെ സ്വഭാവമായി മാറണം. പരസ്പരം താങ്ങിനിര്‍ത്തുന്ന സമാജത്തിന് മാത്രമേ സശക്തമായ രാഷ്ട്രത്തെ നിര്‍മിക്കാനാവൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ണാവതിയില്‍ സ്വാമി നാരായണ സന്‍സ്ത ആചാര്യനായ പ്രമുഖ സ്വാമിയുടെ ജന്മശതാബ്ദി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം സ്വതന്ത്രമായി എഴുപത്തഞ്ചാണ്ട് പിന്നിട്ടിട്ടും അസമത്വം പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. ജാതിവേര്‍തിരിവിന്റേതായ മനോഭാവം പലയിടങ്ങളിലും ശക്തമാണ് താനും. കഴിഞ്ഞ് രണ്ടായിരത്തോളം വര്‍ഷമായി അസമത്വത്തെ ധര്‍മ്മമായി കണ്ടതിന്‍റെ ദുരന്തഫലമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജാതിഭിന്നതകള്‍ കടുത്ത അധര്‍മ്മമാണ്. എന്നാല്‍ അവയാണ് ശരിയായ ധര്‍മ്മമെന്ന് തെറ്റിദ്ധരിച്ചാണ് രണ്ടായിരത്തോളം കൊല്ലമായി സമൂഹം നീങ്ങിയത്. സമ്പത്തിന്‍റെയും കുടുംബത്തിന്‍റെയും ശാരീരികബലത്തിന്‍റെയുമൊക്കെ അടിസ്ഥാനത്തില്‍ അഹം ഭാവം വളരുകയും പരസ്പരം താരതമ്യം ചെയ്യുകയും ചെയ്യുന്ന സ്വഭാവം സമാജത്തില്‍ ശക്തമാണെന്നും അതിന് അവസാനം കുറിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആചാര്യന്മാരും ധാര്‍മ്മികഗ്രന്ഥങ്ങളും ചൂണ്ടിക്കാണിച്ച ധര്‍മ്മത്തിന്‍റെ വെളിച്ചം വിതറുന്ന വഴി നമുക്ക് മുന്നിലുണ്ട്. അസമത്വം ഭാരതത്തിന്‍റെ ഭാവമല്ല. ഭാരതീയത എല്ലാവരെയും തുല്യരായിക്കാണുകയും ഒരുമിച്ചു ചേര്‍ക്കുകയും ചെയ്യുന്ന ആദര്‍ശമാണ്. അസമത്വത്തിന്‍റെ നേരിയ കണിക പോലും ഭാരതീയ സംസ്‌കൃതിയുടെയും ധര്‍മ്മത്തിന്‍റെയും ഭാഗമല്ല. ഇന്ത്യ ലോകത്തിനുമുന്നില്‍ ഉയര്‍ത്തിപ്പിടിക്കുന്ന ദര്‍ശനം അദ്വൈതമാണെന്നും അത് എല്ലാ ഭേദഭാവങ്ങള്‍ക്കും അതീതമായ ഏകാത്മകതയുടെ വിളംബരമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post