ഉജ്ജയിനി: ജലദുര്‍വ്യയം അപരാധമാണെന്ന ബോധം ഓരോ പൗരനിലുമുണ്ടാകണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്. വെള്ളം പാഴാക്കില്ല എന്ന തീരുമാനം വീടുകളില്‍ നിന്ന് നടപ്പാക്കിത്തുടങ്ങണം. ഭക്ഷണകാര്യത്തില്‍ അടിച്ചേല്പിക്കല്‍ അസാധ്യമാണ്. എന്‍റെ അഭിപ്രായത്തില്‍ സസ്യാഹാരം നല്ലതാണ്. മാംസാഹാരത്തെ പിന്തുണയ്ക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നുമില്ല. എന്നാല്‍ ജൈവകൃഷിയും സസ്യാഹാര ശീലവും ജലത്തിന്റെ ശരിയായ വിനിയോഗത്തിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ജലശക്തിമന്ത്രാലയം സംഘടിപ്പിച്ച ‘സുജലം’ അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ജലക്ഷാമവും ആഗോളതാപനവും ആധുനിക ലോകം നേരിടുന്ന വെല്ലുവിളികളാണെന്ന് സര്‍സംഘചാലക് പറഞ്ഞു. ഭാരതീയമായ ജീവിത കാഴ്ചപ്പാടുകളും വിദ്യാഭ്യാസ സമ്പ്രദായവും പിഴുതെറിയുകയും അപൂര്‍ണ്ണവും വികലവുമായ വിദ്യാഭ്യാസരീതികള്‍ അടിച്ചേല്പിക്കുകയും ചെയ്തതിന്റെ പരിണാമമാണ് പ്രകൃതിയിലെ ഇത്തരം അനര്‍ത്ഥങ്ങള്‍ക്ക് കാരണം. ആത്മവിമലീകരണം അനിവാര്യമാണ്. പ്രകൃതിയെക്കുറിച്ചും ജലസംരക്ഷണത്തെക്കുറിച്ചും ബോധവല്‍ക്കരണം വേണം. പഞ്ചഭൂതാത്മകമാണ് പ്രപഞ്ചസത്തെയെന്ന സമ്പൂര്‍ണതയുടെ ദര്‍ശനത്തെ സാക്ഷാത്കരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രകൃതിയില്‍ അധിഷ്ഠിതമായ ജീവിതം നയിക്കാന്‍ സമാജം സ്വയം സന്നദ്ധമാകണം. പ്രകൃതിയെ ദൈവമായാണ് ഋഷിമാര്‍ കരുതിയിരുന്നത്. വെള്ളം, ഭൂമി, സൂര്യന്‍, ചന്ദ്രന്‍ തുടങ്ങിയെല്ലാം ദേവതകളാണ്. അവര്‍ പൂജിതരാണ്. എല്ലാ ജീവജാലങ്ങളുടെയും ആധാരം ജലമാണെന്ന് പുരാണങ്ങള്‍ പറയുന്നു. നദികള്‍ അമ്മമാരാണ്. ശുഭകാര്യങ്ങള്‍ തുടങ്ങുന്നതിന് പുണ്യതീര്‍ത്ഥം തളിക്കുക എന്നത് നമ്മുടെ രീതിയായിരുന്നു. എന്നാല്‍ ഇതെല്ലാം ജീവിതത്തിനപ്പുറം ചിലര്‍ മൗലികവാദമാക്കിമാറ്റി. മറ്റ് ചിലര്‍ പഴഞ്ചനെന്നും അന്ധവിശ്വാസമെന്നും പുച്ഛിച്ചു. അതിന് പിന്നിലെ ജീവിതദര്‍ശനത്തെ തലമുറകളിലേക്ക് പകരുന്നതില്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ദേശീയ ഹരിത അതോറിറ്റി ചെയര്‍മാന്‍ ആദര്‍ശ് ഗോയല്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post