മഥുര: ശ്രീകൃഷ്ണ ജന്മസ്ഥാനിലെ ഷാഹി ഈദ്ഗാഹ് സര്‍വേയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യപ്പെട്ട് മഥുര കോടതിയില്‍ പുതിയ ഹര്‍ജി. അഖില ഭാരത ഹിന്ദു മഹാസഭയുടെ ട്രഷറര്‍ ദിനേശ് ശര്‍മ്മയാണ് കേസില്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഷാഹി ഈദ്ഗാഹിലെ അടയാളങ്ങളും മറ്റും കൃത്യമായി തിരിച്ചറിയാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനെ സഹായിക്കാന്‍ കഴിയുമെന്ന് ഹര്‍ജിക്കാരന്‍റെ അഭിഭാഷകന്‍ ദീപക് ശര്‍മ പറഞ്ഞു.
സര്‍വേക്ക് അനുമതി നല്കി ഡിസംബര്‍ 24നാണ് മഥുരയിലെ സിവില്‍ കോടതി ഉത്തരവിട്ടത്. ഈദ്ഗാഹ് സ്ഥിതി ചെയ്യുന്നത് ശ്രീകൃഷ്ണജന്മസ്ഥാനിലാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു സേന പ്രസിഡന്റ് വിഷ്ണു ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ. ജനുവരി 20നകം സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അതിനിടെ ഈ ഉത്തരവിനെതിരെ ഷാഹി ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റി രംഗത്തു വന്നു. ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് കോടതി തങ്ങളുടെ ഭാഗം കേള്‍ക്കുകയോ അതിനെക്കുറിച്ച് അറിയിക്കുകയോ ചെയ്യാത്തതിനാലാണ് എതിര്‍പ്പെന്ന് അഭിഭാഷകനും ഷാഹി ഈദ്ഗാഹ് മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറിയുമായ തന്‍വീര്‍ അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post