കൊല്‍ക്കത്ത: ആര്‍എസ്എസിനെ പോലെ രാപകല്‍ പ്രവര്‍ത്തിക്കാന്‍ സിപിഎം പ്രവര്‍ത്തകരോട് പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്‍റെ ഉപദേശം. ബിജെപിയെയും ആര്‍എസ്എസിനെയും പരാജയപ്പെടുത്താന്‍ ഇടതുപക്ഷത്തിന് പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ പോരാട്ടമാണ് പ്രധാനമെന്നും പ്രവര്‍ത്തനത്തില്‍ ആര്‍എസ്എസിനെ മാതൃകയാക്കണമെന്നുമാണ് സിപിഎം നേതാവ് അണികളെയും അനുഭാവികളെയും ആഹ്വാനം ചെയ്തത്. കൊല്‍ക്കത്തയില്‍ സിപിഎം മുഖപത്രമായ ഗണശക്തിയുടെ അന്‍പത്തിയേഴാം സ്ഥാപകദിന പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് കാരാട്ട് ആര്‍എസ്എസ് നടത്തുന്ന സാമൂഹിക സാംസ്‌കാരിക ഇടപെടലുകളെ ചൂണ്ടിക്കാട്ടി അവരെ പോലെ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കണമെന്ന് ചൂണ്ടിക്കാട്ടിയത്.
തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടാക്കിയാല്‍ ബിജെപിയുടെ ഭീഷണിയില്‍ നിന്ന് കരകയറാമെന്നാണ് ഇടതുപക്ഷ ഇതര പാര്‍ട്ടികളില്‍ പലരും കരുതുന്നതെന്ന് കാരാട്ട് പറഞ്ഞു. അത്തരം തെരഞ്ഞെടുപ്പ് ധാരണകളും സഖ്യങ്ങളും പ്രധാനമാണെങ്കിലും ബിജെപിക്കും ആര്‍എസ്എസിനുമെതിരെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ പോരാട്ടം നടത്താന്‍ നിങ്ങള്‍ക്ക് കഴിയുന്നതുവരെ അതുകൊണ്ട് ഒരു പ്രയോജനവുമുണ്ടാകില്ല.
ആര്‍എസ്എസ് അതിന്‍റെ വിവിധ സംഘടനകളിലൂടെ സമൂഹത്തില്‍ രാപകലില്ലാതെ പ്രവര്‍ത്തിക്കുകയാണ്. സാമൂഹികമായും സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ആ പ്രവര്‍ത്തനം ശക്തമാണ്. സ്വന്തം ജനാധിപത്യ, മതനിരപേക്ഷ, ഇടതുപക്ഷ ആശയങ്ങളും കാഴ്ചപ്പാടുകളും വച്ചുകൊണ്ട് സമാനമായ സംഘടനകള്‍ ജനങ്ങള്‍ക്കിടയില്‍ കെട്ടിപ്പടുക്കേണ്ടതുണ്ട്. ഒഡീഷയിലെ ഒരു സഖാവ് പതിനഞ്ച് കൊല്ലം മുമ്പ് പറഞ്ഞത് അവരുടെ നാട്ടില്‍ ആയിരം സ്‌കൂളുകള്‍ ആര്‍എസ്എസ് നടത്തുന്നുണ്ടെന്നാണ്. ഇത്തരം മേഖലകളില്‍ ഇടതുസാന്നിധ്യം ദുര്‍ബലമാണ്. ആര്‍എസ്എസിന്‍റെ നിരന്തര പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകളെ ആശയപരമായി സ്വാധീനിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. അതൃപ്തിക്കിടയിലും ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇതാണ് കാരണം, കാരാട്ട് പറഞ്ഞു.
Discussion about this post