ന്യൂദല്‍ഹി: വിനോദസഞ്ചാരത്തിലും വികസനത്തിലും ജമ്മു കശ്മീരിന്‍റെ സമാനതകളില്ലാത്ത കുതിപ്പാണ് തകര്‍ന്നുതരിപ്പണമായ ഭീകരവാദകേന്ദ്രങ്ങളെ വിറളി പിടിപ്പിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഭീകരതയില്‍ നിന്ന് ജമ്മു കശ്മീര്‍ മോചിതമാവുകയാണ്. രജൗരിയിലടക്കം ഒടുവില്‍ നടന്നത് അവസാനത്തിനു മുമ്പുള്ള ആളിക്കത്തലാണെന്ന് കശ്മീര്‍ വികസനത്തിന്‍റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു കൊണ്ട് ആഭ്യന്തരമന്ത്രി അമിത് ഷാ ചൂണ്ടിക്കാട്ടി.
2022ല്‍ 22 ലക്ഷം വിനോദസഞ്ചാരികളാണ് ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചത്. ടൂറിസ്റ്റുകളുടെ ഹോട് സ്‌പോട്ടായി നാട് മാറിയിരിക്കുന്നുവെന്ന് ‘ഇയര്‍ എന്‍ഡ് റിവ്യൂ 2022’ ചൂണ്ടിക്കാട്ടി. ഭീകരാക്രമണങ്ങളുടെ എണ്ണം 2018ലെ 417 ല്‍ നിന്ന് 2021 ല്‍ 229 ആയി കുറഞ്ഞു. 2018ല്‍ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം 91 ആയിരുന്നത് 2021ല്‍ 42 ആയി. നേരത്തെ പ്രതിവര്‍ഷം പരമാവധി ആറ് ലക്ഷം വിനോദസഞ്ചാരികളാണ് എത്തിയിരുന്നതെങ്കില്‍ ഈ വര്‍ഷം 22 ലക്ഷമാണ് കണക്ക്. ഇത് ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്കി. കല്ലേറിന്‍റെ സംസ്‌കാരം ജമ്മുകശ്മീരില്‍ പൂര്‍ണമായും അവസാനിച്ചു. 42,000 സാധാരണക്കാരാണ് മുന്‍കാലങ്ങളില്‍ ഭീകരതയ്ക്ക് ഇരകളായത്. അന്നൊന്നും കേന്ദ്രം ഭരിച്ചിരുന്നവര്‍ അനങ്ങിയിട്ടില്ല, എന്നാല്‍ ഇപ്പോള്‍ മോദിയുടെ നേതൃത്വത്തില്‍ സുരക്ഷാ സേനയുടെ പൂര്‍ണ നിയന്ത്രണത്തിലാണ് കാര്യങ്ങള്‍.
തീവ്രവാദകേസുകളില്‍ 54 ശതമാനവും സൈനികരുടെ ജീവഹാനിയില്‍ 84 ശതമാനവും തീവ്രവാദി റിക്രൂട്ട്‌മെന്റില്‍ 22 ശതമാനവും കുറവുണ്ടായി.
പ്രധാനമന്ത്രിയുടെ വികസന പാക്കേജിന് കീഴില്‍, ജലവൈദ്യുതമേഖലയില്‍ മാത്രം 80,000 കോടി രൂപ ചെലവില്‍ 63 പദ്ധതികള്‍ പൂര്‍ത്തിയാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 2022 ഒക്ടോബര്‍ 5 ന് ശ്രീനഗറില്‍ 2,000 കോടി രൂപയുടെ 240 വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്. മൂന്ന് കുടുംബങ്ങള്‍ക്കും 87 എംഎല്‍എമാര്‍ക്കും 6 എംപിമാര്‍ക്കും വീതം വച്ചിരുന്ന കശ്മീരിന്‍റെ ജനാധിപത്യ സംവിധാനത്തിന് ഗ്രാമമുഖ്യന്മാര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഇപ്പോള്‍ അവകാശികളാണ്. പഞ്ചായത്ത്, വാര്‍ഡ് തലങ്ങളിലേക്ക് വരെ അധികാരമെത്തി. നേരത്തെ, 370-ാം വകുപ്പ് കാരണം, ഗുജ്ജര്‍-ബക്കര്‍വാള്‍, പഹാരികള്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസം, തെരഞ്ഞെടുപ്പുകള്‍, ജോലികള്‍ എന്നിവയില്‍ സംവരണത്തിന്‍റെ ആനുകൂല്യം ലഭിക്കില്ലായിരുന്നു. ഇപ്പോള്‍ അത്തരം വിവേചനങ്ങള്‍ ഇല്ലാതായി. 70 വര്‍ഷത്തിനിടയില്‍ ജമ്മു കശ്മീരിലേക്ക് 15,000 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് വന്നിരുന്നതെങ്കില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ അത് 56,000 കോടി രൂപയുടേതായി ഉയര്‍ന്നു.
സുരക്ഷാ സേനയും പോലീസും ചേര്‍ന്ന് ഭീകരവാദികളെ ഇല്ലാതാക്കാനുള്ള പ്രയത്‌നത്തിലാണ്. മുന്‍പെങ്ങുമില്ലാത്ത വിധം ഗ്രാമീണരും അത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. തെരുവുകള്‍ അക്രമങ്ങളില്‍ നിന്ന് മുക്തമാക്കുന്നതിനും നിയമവാഴ്ച പുനഃസ്ഥാപിക്കുന്നതിനുമായി സുരക്ഷാ ഏജന്‍സികളും ജമ്മു കശ്മീര്‍ ഭരണകൂടവും നടത്തുന്ന ശ്രമങ്ങളെ അമിത് ഷാ അഭിനന്ദിച്ചു.
Discussion about this post