അനന്ത്നാഗ്: ഏഴരപ്പതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനൊടുവില്‍ വെളിച്ചമെത്തിയതിന്‍റെ ആനന്ദത്തിലാണ് ടെതന്‍ ഗ്രാമവാസികള്‍. സര്‍ക്കാരിന് നന്ദി, ഞങ്ങളുടെ കുഞ്ഞുങ്ങള്‍ ഇനി ബള്‍ബിന്‍റെ വെട്ടത്തില്‍ പഠിക്കും. മണ്‍വിളക്കുകളും പന്തങ്ങളും മെഴുകുതിരികളും കൊണ്ട് ഇരുട്ടകറ്റിയ നാളുകള്‍ക്ക് അവസാനമായിരിക്കുന്നു. ഇതൊരു പുതിയ അനുഭവമാണ്, ഗ്രാമവാസിയായ ഫസുല്‍ ഉദിന്‍ ഖാന്‍ മാധ്യമപ്രവര്‍ത്തരോട് പറഞ്ഞു.
കേന്ദ്രാവിഷ്‌കൃത പദ്ധതി പ്രകാരമാണ് തെക്കന്‍ കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ദൂരൂ ബ്ലോക്കിലെ ടെതനില്‍ 75 വര്‍ഷത്തിന് ശേഷം വൈദ്യുതി കണക്ഷന്‍ ലഭിച്ചത്. 200 പേര്‍ മാത്രമുള്ളതാണ് ഈ വിദൂര ഗ്രാമം. ഗ്രാമത്തില്‍ ആദ്യമായി ബള്‍ബ് തെളിഞ്ഞതിന്‍റെ ആഘോഷത്തിലാണ് ഈ ആദിവാസി മേഖല. ഇത്രകാലം മണ്‍വിളക്കും മെഴുകുതിരിയുമായിരുന്നു ആശ്രയം.
”എനിക്ക് വയസ് അറുപതായി. സ്വന്തം കൂരയ്ക്കുമുന്നില്‍ ഈ ജീവിത കാലത്ത് വൈദ്യുതി വിളക്ക് തെളിയുമെന്ന് കരുതിയതല്ല.. പ്രധാനമന്ത്രിയോടും ഗവര്‍ണറോടും ഞങ്ങള്‍ വളരെ നന്ദിയുള്ളവരാണ്. ഞങ്ങളുടെ മുന്‍ തലമുറകള്‍ക്ക് ഈ അത്ഭുതം കാണാന്‍ കഴിഞ്ഞില്ല,” പ്രദേശവാസിയായ സഫര്‍ഖാന്‍ പറഞ്ഞു.
വൈദ്യുതി വകുപ്പിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും കഠിനപരിശ്രമം മൂലമാണ് അനന്തനാഗ് പട്ടണത്തില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള ഈ ഗ്രാമത്തിലേക്ക് വൈദ്യുതി എത്തിയത്. ഫാസ്റ്റ് ട്രാക്ക് പ്രക്രിയയിലൂടെയാണ് ഇത് നടപ്പാക്കിയതെന്ന് അനന്തനാഗിലെ പവര്‍ ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ടെക്നിക്കല്‍ ഓഫീസര്‍ ഫയാസ് അഹമ്മദ് സോഫി പറഞ്ഞു, 2022 ല്‍ നെറ്റ്വര്‍ക്കിങ് പ്രക്രിയ ആരംഭിച്ചിരുന്നു. എന്നാല്‍ ഒരു ഹൈ ടെന്‍ഷന്‍ ലൈന്‍ വലിക്കുന്നതില്‍ പ്രശ്നമുണ്ടായിരുന്നു. എന്നാലും ഇന്ന് അത് സാധിച്ചിരിക്കുന്നു. ഇവിടെ 63 (കെവി) ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചു. ഒരു ട്രാന്‍സ്ഫോര്‍മറും 38 ഹൈ ടെന്‍ഷന്‍ ലൈനുകളും 57 എല്‍ടി തൂണുകളും (ആകെ 95 തൂണുകള്‍) ഗ്രാമത്തില്‍ സ്ഥാപിച്ചിട്ടുണ്ട്, ഇത് 60 വീടുകള്‍ക്ക് വൈദ്യുതി നല്‍കുന്നത്, സോഫി കൂട്ടിച്ചേര്‍ത്തു.
Discussion about this post