നാഗ്പൂർ: ലൈംഗിക ന്യൂനപക്ഷങ്ങളും സമൂഹത്തിന്‍റെ ഭാഗമാണെന്നും അവർ മുഖ്യധാരയിലേക്കെത്തേണ്ടതുണ്ടെന്നും ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഓർഗനൈസർ, പാഞ്ചജന്യ വാരികകൾക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നയവും നിലപാടും വിശദമാക്കുകയായിരുന്നു അദ്ദേഹം. ട്രാൻസ് ജെൻഡർ, സ്വവർഗരതി അടക്കമുള്ള ലൈംഗിക ന്യൂനപക്ഷത്തെ സംബന്ധിച്ച വിഷയങ്ങളൊന്നും ഇന്ത്യക്ക് പുതിയതല്ല. അവർ എപ്പോഴും ഇവിടെ ഉണ്ടായിരുന്നു. ഈ സമൂഹത്തിന്‍റെ ഭാഗമായി, ജീവിക്കാനുള്ള എല്ലാ അവകാശവും അവർക്കുണ്ട്.
ട്രാൻസ്ജെൻഡർ സമൂഹമെന്നത് ഒരു പ്രശ്നമല്ല. അവർക്ക് അവരുടേതായ ദൈവങ്ങളുണ്ട്, സമ്പ്രദായങ്ങളുണ്ട്, സ്വന്തം മഹാമണ്ഡലേശ്വരരുമുണ്ട്. കുംഭമേള സമയത്ത് അവർക്ക് സവിശേഷമായ ഇടമുണ്ട്. സ്വവർഗരതി പിൻതുടരുന്ന ലൈംഗിക ന്യൂനപക്ഷത്തിൻ കാര്യവും സമാനമാണ്. രാജാ ജരാസന്ധന്‍റെ സൈന്യാധിപന്മാരായിരുന്ന ഹൻസും ധിംഭകയും ഈ വിഭാഗത്തിൽപ്പെട്ടവരായിരുന്നു. ഇതൊന്നും നമുക്ക് പുതിയ കാര്യങ്ങളല്ല. മനുഷ്യരിലും മൃഗങ്ങളിലുമെല്ലാം ഈ ഭാവമുണ്ട്. ഇത് ജൈവികമാണ്. ഒരു ജീവിതരീതിയാണ്. അവർക്ക് അവരുടേതായ സ്വകാര്യ ഇടം ഉണ്ടായിരിക്കണം. അവരും സമൂഹത്തിന്‍റെ ഭാഗമാണെന്ന് തോന്നണം. ഈ വീക്ഷണം പ്രോത്സാഹിപ്പിക്കണം. ഇത്തരം കാര്യങ്ങളിൽ ആർഎസ്എസ് ആശ്രയിക്കുന്നത് നമ്മുടെ പാരമ്പര്യങ്ങളുടെ ജ്ഞാനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
ഇത്രകാലം പാശ്ചാത്യ രാജ്യങ്ങളാണ് ലോകത്തെ ഭരിച്ചത്. എന്നാലിന്ന് ലോകം ഭാരതീയ ചിന്തകളിലേക്ക്, ഹിന്ദു വീക്ഷണത്തിലേക്ക് വരുന്നു. സ്ത്രീ വിമോചനം, സ്ത്രീ ശാക്തീകരണം തുടങ്ങിയ വിഷയങ്ങളിലും ലോകം ഹിന്ദു കാഴ്ചപ്പാടിന് ചുറ്റും ഒത്തുചേരുകയാണ്. ഭാരതം ജീവിതത്തെ അതിന്‍റെ സമഗ്രതയിൽ കാണുന്നു. വ്യക്തിയെ കുടുംബത്തിൽ നിന്ന് വേറിട്ട് ചിത്രീകരിച്ച പാശ്ചാത്യ ചിന്തകൾ സൃഷ്ടിച്ച ഭിന്നതകളെ എങ്ങനെ ഒന്നിപ്പിക്കണമെന്നും ഭാരതത്തിന് അറിയാം. സാങ്കേതികവിദ്യ മനുഷ്യരാശിയെ സേവിക്കുന്നതിനു വേണ്ടിയാണ്, ഡോ. മോഹൻ ഭാഗവത് പറഞ്ഞു
Discussion about this post