നാഗ്പൂർ: രേഖപ്പെടുത്തിയ ചരിത്രത്തിന്‍റെ തുടക്കം മുതൽ ഭാരതം അഖണ്ഡമായിരുന്നുവെന്നും അതിന്‍റെ ആധാരം ഹിന്ദുത്വബോധമായിരുന്നെന്നും ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഓർഗനൈസർ, പാഞ്ചജന്യ വാരികകൾക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാജം ഹിന്ദുബോധം മറന്നപ്പോഴാണ് സഹോദരങ്ങളിൽ ഭിന്നിപ്പുണ്ടായത്, ദുരന്തം സംഭവിച്ചത്, ഭൂമി വിഭജിച്ചത്. ഹിന്ദു നമ്മുടെ അസ്തിത്വമാണ്, ദേശീയതയാണ്, സംസ്കാരമാണ്. എല്ലാവരെയും ഉൾക്കൊള്ളാനുള്ള വിശാലത ഹിന്ദുവിനുണ്ട്. എന്റേത് മാത്രമാണ് ശരിയെന്ന ചിന്ത ഹിന്ദുവിന്റേതല്ല. ഹിന്ദുസ്ഥാനം ഹിന്ദുസ്ഥാനമായി തുടരുക തന്നെ ചെയ്യും. അത് ഇന്നാട്ടിലെ മുസ്ലീം ജനവിഭാഗത്തിന് ദോഷകരമല്ലെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അവരവർക്ക് അവരവരുടെ വിശ്വാസം. പൂർവിക വിശ്വാസങ്ങളിലേക്ക് മടങ്ങണമെങ്കിൽ അങ്ങനെയുമാകാം. എല്ലാവർക്കും സ്വന്തം തീരുമാനം. ഇസ്ലാമിന് ഭയക്കേണ്ട സാഹചര്യമില്ല. മേൽക്കോയ്മയുടെ വാദങ്ങൾ ഒഴിവാക്കണം. ഞങ്ങൾ പ്രത്യേകതകളുള്ളവരാണ്, വ്യത്യസ്തരാണ്, ഒരിക്കൽ ഈ നാട് ഭരിച്ചവരാണ്, ഇനിയും ഭരിക്കും, മറ്റുള്ളവർക്കൊപ്പം കഴിയാൻ പറ്റില്ല തുടങ്ങിയ ആഖ്യാനങ്ങൾക്ക് ഇവിടെ ഇടമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ശക്തി ദേശീയതാൽപ്പര്യത്തിനായി
വോട്ടിന്‍റെയും തെരഞ്ഞെടുപ്പിന്‍റെയും പരസ്പരമത്സരത്തിന്‍റെയും രാഷ്ട്രീയത്തിൽ ആർഎസ്എസില്ല. പക്ഷേ, ദേശീയ നയങ്ങൾക്കും താൽപ്പര്യങ്ങൾക്കും അനുകൂലമാണോ രാഷ്ട്രീയത്തിന്റെ ദിശ എന്നതിൽ ആർഎസ്എസ് ജാഗ്രത കാട്ടാറുണ്ട്. രാഷ്ട്രീയം തെറ്റായ വഴിത്തിരിവിലേക്ക് നീങ്ങുകയും സാമൂഹിക ഉണർവിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്ത കാലത്തൊക്കെ അത്തരം ഉത്കണ്ഠ ആർഎസ്എസ് പ്രകടമാക്കിയിട്ടുണ്ട്. ദൈനംദിന രാഷ്ട്രീയത്തിൽ താൽപ്പര്യമില്ല, പക്ഷേ രാഷ്ട്രനീതിയുടെ വിഷയത്തിൽ ശക്തമായ അഭിപ്രായമുണ്ട്. ഇന്ന്, സംഘടനയിലൂടെ വേണ്ടത്ര ശക്തി ആർഎസ്എസിനുണ്ട്. അത് തീർച്ചയായും ദേശീയ താൽപ്പര്യത്തിനായി ഉപയോഗിക്കും.
സജീവരാഷ്ട്രീയത്തിന്‍റെ വഴികളിലൂടെയല്ല ആർഎസ്എസ് സഞ്ചരിക്കുന്നത്. എന്നാലും ആർഎസ്എസ് അടക്കം എല്ലാത്തിനെയും രാഷ്ട്രീയമായി കാണുന്നതാണ് സമൂഹത്തിന്‍റെ പ്രവണത. വ്യാപാരികളുടെ സമ്മേളനത്തിൽ പങ്കെടുത്തപ്പോൾ അവർക്ക് അറിയേണ്ടത് ആദായനികുതി, ജിഎസ്ടി തുടങ്ങിയ വിഷയങ്ങളെപ്പറ്റിയായിരുന്നു. ജനങ്ങളുടെയും താൽപര്യം രാഷ്ട്രീയ സംഭവവികാസങ്ങളിലാണ്. അത്തരം കാര്യങ്ങളിൽ ആർഎസ്എസിന് ചെയ്യാനാകുന്നത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുക എന്നത് മാത്രമാണ്.
അധികാരസ്ഥാനത്ത് സ്വയംസേവകരല്ലാതിരുന്ന കാലത്തും ആർഎസ്എസ് പറയുന്നത് ശ്രദ്ധിക്കുന്നവരുണ്ടായിരുന്നു. കോൺഗ്രസ് സർക്കാരിൽ ധനമന്ത്രിയായിരുന്ന പ്രണബ് മുഖർജി അതിന് ഉദാഹരണമാണ്, സർസംഘചാലക് പറഞ്ഞു.
Discussion about this post