ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കൂടുതൽ സ്ത്രീ ശാക്തീകരണ പരിപാടികൾ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. കൂടുതൽ സ്ത്രീ കേന്ദ്രീകൃതമായ പരിപാടികളായിരിക്കും ആഘോഷവേളയോടനുബന്ധിച്ച് സംഘടിപ്പിക്കുക. സ്ത്രീ ശാക്തീകരണം എന്ന പ്രമേയത്തിലാണ് പരിപാടികൾ നടത്തുന്നത്.
ആഘോഷ പരിപാടികളിൽ സിആർപിഎഫിന്‍റെ വനിതാ ബാൻഡ് മാർച്ച് നടത്തും. ബിഎസ്എഫ് വനിതാ ഉദ്യോഗസ്ഥരുടെ ഒരു സംഘം ഒട്ടകപ്പുറത്തേറി പരേഡിൽ പങ്കെടുക്കും. സിആർപിഎഫിന്‍റെ ഒരു വിഭാഗം ന്യൂഡൽഹിയിൽ കർത്തവ്യ പഥിൽ പരിശീലനം തുടരുന്നുണ്ട്. കൂടാതെ ഇന്ത്യയുടെ സാംസ്‌കാരിക സമ്പന്നതയും ഇതോടൊപ്പം പ്രദർശിപ്പിക്കും.
ഇന്ത്യയുടെ പരമോന്നത ഭരണഘടന പ്രാബല്യത്തിൽ വന്ന ദിവസമാണ് രാജ്യം റിപ്പബ്ലിക് ദിനമായി കൊണ്ടാടുന്നത്. 74-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദൾ ഫത്ത അൽ സിസിയാണ് മുഖ്യാതിത്ഥിയായി എത്തുന്നത്. ഇന്ത്യയും ഈജിപ്തും തങ്ങളുടെ നയതന്ത്ര ബന്ധം ആരംഭിച്ചിട്ട് 75 വർഷം പൂർത്തിയാകുന്ന വേളയിൽ പ്രസിഡന്റ് അബ്ദൾ ഫത്ത അൽ സിസിന്‍റെ സന്ദർശനം ചരിത്രമാകും.
റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ നേരിൽ കാണാനുള്ള പാസ് വിതരണത്തിനായി കേന്ദ്ര സർക്കാർ ഓൺലൈൻ പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. www.aamantran.mod.gov.in എന്ന പോർട്ടൽ വഴി പൊതുജനങ്ങൾക്ക് ഡിജിറ്റൽ പാസ് വാങ്ങാവുന്നതാണ്. സുരക്ഷയ്‌ക്കായി ക്യൂ ആർ കോഡ് വെരിഫിക്കേഷനോടുകൂടിയാണ് പാസ് വരുന്നത്. ഇ-മെയിലായോ എസ്.എം.എസ് ആയോ പാസ് ലഭിക്കും. ഇത് കൈമാറ്റം ചെയ്യാനാകില്ല.
Discussion about this post