പൂനെ: ജി-20 ഉച്ചകോടിയുടെ ഭാഗമായി 34 രാജ്യങ്ങളില്‍ നിന്നുള്ള 120 പ്രതിനിധികള്‍ 16, 17 തീയതികളില്‍ പൂനെ സന്ദര്‍ശിക്കും. മഹാരാഷ്ട്രയുടെ സാംസ്‌കാരിക സവിശേഷതകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിന് വലിയ തയാറെടുപ്പുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. നിരത്തുകള്‍ ഭംഗിയാക്കി വശങ്ങളില്‍ പൂന്തോട്ടങ്ങള്‍ നിര്‍മിക്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുന്നു. ട്രാഫിക് സിഗ്‌നലുകള്‍, പാതയോര നിര്‍മാണങ്ങള്‍, വാഹന-പാര്‍ക്കിങ് സൗകര്യങ്ങള്‍ തുടങ്ങിയവ മെച്ചപ്പെടുത്തുന്നു. പ്രതിനിധികളെ പൂനെയിലെ ജനാവലി ദേശീയപതാക വീശിയാകും വേദിയിലേക്ക് നയിക്കുക.
സാവിത്രിഭായ് ഫുലേ പൂനെ യൂണിവേഴ്‌സിറ്റിയിലാണ് ഉച്ചകോടി. വിമാനത്താവളത്തില്‍ നിന്ന് സര്‍വകലാശാല വരെയുള്ള വഴികളുടെ പ്രധാന ചുവരുകളില്‍ പൂനെയുടെ ചരിത്രം വരകളിലാക്കിയിട്ടുണ്ട്. ഹിഞ്ചേവാഡയില്‍നിന്ന് ശിവാജി നഗര്‍ വരെയുള്ള മെട്രോ റെയിലിന്‍റെ മൂന്നാംഘട്ട നിര്‍മാണം ഈ വഴിയിലായതിനാല്‍ ഒരാഴ്ച നിര്‍ത്തിവയ്ക്കും. ബാജിറാവു റോഡ്, ശിവാജി റോഡ് തുടങ്ങിയവയിലെല്ലാം ചിത്രങ്ങളാല്‍ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ടഡ്. ലോ കോളേജ് റോഡില്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ചുവരുകള്‍ ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തെ പ്രതീകാത്മകമായി ചിത്രീകരിച്ചിരിക്കുന്നു. 18-ാം നൂറ്റാണ്ടില്‍ മറാത്ത ഭരിച്ച പേഷ്വാ രാജാക്കന്മാരുടെ കൊട്ടാരങ്ങളും മറ്റും ഈ സംഘം സന്ദര്‍ശിക്കുന്ന വഴിയിലാണ്.
Discussion about this post