നാഗ്പൂര്‍: വിവേകാനന്ദ ജയന്തിയില്‍ ആവേശമായി ആര്‍എസ്എസ് നവോന്മേഷ സാംഘിക്. 13- 16 വയസ്സുള്ള എണ്ണൂറോളം ബാല സ്വയംസേവകരാണ് നാഗ്പൂരില്‍ ഒത്തുചേര്‍ന്നത്. സ്വാമി വിവേകാനന്ദന്‍റെ 160-ാമത് ജയന്തി ആഘോഷത്തിന്‍റെ ഭാഗമായാണ് നാഗ്പൂര്‍ നഗരത്തിലെ വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ക്കായി ഒത്തുചേരല്‍ സംഘടിപ്പിച്ചത്.
രാഷ്ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള ആദര്‍ശം ചെറിയ പ്രായത്തില്‍ത്തന്നെ ആര്‍ജിക്കണമെന്നും വ്യക്തിയല്ല ആദര്‍ശമാണ് ആര്‍എസ്എസിന് ഗുരുവെന്നും സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഭഗവപതാക ആ ആദര്‍ശത്തിന്‍റെ പ്രതീകമാണ്. സ്വാര്‍ത്ഥമാകരുത് ശക്തിസമ്പാദനത്തിന്‍റെ ലക്ഷ്യമെന്ന് ഭാരതത്തിന്‍റെ ആദര്‍ശം നമുക്ക് പഠിപ്പിച്ചുതരും. രാഷ്ട്രത്തെ സേവിക്കുക എന്നതാണ് നമ്മുടെ ജീവിതലക്ഷ്യം. ജീവിതത്തിന്‍റെ ഏത് മേഖലകളില്‍ എത്തിയാലും അതിലൂടെയെല്ലാം രാഷ്ട്രത്തെ സേവിക്കാനെന്തൊക്കെ ചെയ്യാനാകും എന്ന് ചിന്തിച്ചുകൊണ്ടേയിരിക്കണം.
നമുക്ക് ആദര്‍ശവും തത്വവും ജീവിതവും ഭാരതമാണ്. ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിന് ആ ആദര്‍ശത്തെ മുറുകെ പിടിക്കണം. പുരാണകാലത്ത് രാമഭക്ത ഹനുമാനും ചരിത്രകാലത്ത് ഛത്രപതി ശിവാജിയും ഈ ആദര്‍ശത്തെ ജീവിതമാക്കിയ മാതൃകകളാണ്. ഇത്തരം നിരവധി മാതൃകാപുരുഷന്മാര്‍ നമ്മുടെ മുന്നിലുണ്ട്. ദിശയും വഴിയും ഇതാണെന്ന് പൂര്‍വികര്‍ കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post