ലഖ്‌നൗ: അടുത്ത വര്‍ഷത്തെ മകര സംക്രാന്തിയോടെ രാമക്ഷേത്രത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് രാം മന്ദിര്‍ ട്രസ്റ്റ് സെക്രട്ടറി ചംപത് റായ്. ക്ഷേത്ര നിര്‍മാണം പകുതി പിന്നിട്ടു. രാമവിഗ്രഹം സ്ഥാപിക്കുന്നതിനുള്ള ശ്രീകോവില്‍ അടുത്ത മകര സംക്രാന്തിയോടെ പൂര്‍ത്തിയാകും അദ്ദേഹം പറഞ്ഞു.
രാജ്യം മുഴുവന്‍ ലോഹ്‌റി ആഘോഷിക്കുകയാണ്. സൂര്യന്‍ മകരം രാശിയിലേക്ക് കടക്കുന്നു. ക്ഷേത്ര നിര്‍മാണത്തില്‍ വന്‍ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. പകുതിയിലേറെ പിന്നിട്ടു. 2024ല്‍ സൂര്യന്‍ മകരം രാശിയിലേക്ക് കടക്കുമ്പോള്‍ ഭഗവാന്‍ ശ്രീരാമനെ അദ്ദേഹത്തിന്‍റെ ശ്രീകോവിലില്‍ കുടിയിരുത്തും, ചമ്പത്ത്‌റായ് കൂട്ടിച്ചേര്‍ത്തു.
ആഗസ്‌തോടെ ശ്രീകോവിലിന്‍റെ അടിത്തറ പൂര്‍ത്തിയാകും. ക്ഷേത്രത്തിന്‍റെ 21 അടി ഉയരത്തിലുള്ള അടിത്തറ പൂര്‍ത്തിയായി. 11 അടി ഉയരത്തില്‍ ഒരു വരിയില്‍ കല്ലുകള്‍ പാകി. എട്ടു വരി കല്ലുകളില്‍ കൊത്തു പണികള്‍ ചെയ്തു. ക്ഷേത്രത്തിന്‍റെ അടിത്തറ ബലപ്പെടുത്താന്‍ ഗ്രാനൈറ്റും പാകിക്കഴിഞ്ഞു.
വയോധികര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അസൗകര്യങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ ഹനുമാന്‍ഗഡിയില്‍ എസ്‌കലേറ്ററോ ലിഫ്‌റ്റോ നിര്‍മിക്കണമെന്ന് ഉത്തര്‍ പ്രദേശ് ചീഫ് സെക്രട്ടറി അയോധ്യ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിനോടും ഡിവിഷണല്‍ കമ്മിഷണറോടും നിര്‍ദേശിച്ചിട്ടുണ്ട്. പഞ്ചകോശി മാര്‍ഗ്, ചൗദകോശി മാര്‍ഗ് എന്നിവിടങ്ങളില്‍ ഇവര്‍ക്കായി ഇരിപ്പിടങ്ങള്‍ ഒരുക്കണമെന്നും റോഡുകള്‍ കൈയേറുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും ക്ഷേത്ര നിര്‍മാണത്തിന്‍റെ അവലോകന യോഗത്തില്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു.
ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ അയോധ്യ രൂപം കൊള്ളും. രാജ്യത്തുള്ളവര്‍ മാത്രമല്ല വിദേശങ്ങളില്‍ നിന്നും അയോധ്യ കാണാന്‍ ജനങ്ങളെത്തും. ഭഗവാന്‍ ശ്രീരാമന്‍റെ സ്വഭാവത്തിനും ആദര്‍ശത്തിനും യോജിക്കും വിധമാണ് അയോധ്യയെ വികസിപ്പിക്കേണ്ടത്. ഇതിനായി വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തികള്‍ക്കിടെ നഷ്ടം സംഭവിച്ചവര്‍ക്ക് സമയബന്ധിതമായി പരിഹാരം നല്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുഗ്രീവ കോട്ടയില്‍ നിന്നും രാമക്ഷേത്രത്തിലേക്കുള്ള ജന്മഭൂമിപാതയുടെ പകുതിയിലേറെ പൂര്‍ത്തിയായി. ബാക്കി നിര്‍മാണം പുരോഗമിക്കുകയാണ്. ശൃംഗാര്‍ ഹാഥില്‍ നിന്ന് ക്ഷേത്രത്തിലേക്കുള്ള ഭക്തി പഥിന്‍റെ ഭൂമിയേറ്റെടുക്കലും പുനരധിവാസവും പൂര്‍ത്തിയായതായും അദ്ദേഹം അറിയിച്ചു.
ക്ഷേത്രത്തിന്‍റെ താഴെ നിലയില്‍ മാത്രം 170 തൂണുകളാണുള്ളത്. 2024 ജനുവരിയോടെ രണ്ട് നിലകളുടെ പണി പൂര്‍ത്തിയാകും. പിന്നെയും ആറ് മാസമെടുക്കും ക്ഷേത്രത്തിന്‍റെ മുകള്‍ ഭാഗം പൂര്‍ത്തികരീക്കാനെന്ന് പ്രൊജക്ട് മാനേജര്‍ ജഗ്ദീഷ് അഫ്‌ലേ പറഞ്ഞു.
Discussion about this post