1981ല്‍ കര്‍ണാടകയിലെ ചെന്നഹള്ളിയില്‍ ആര്‍എസ്എസ് ജില്ലാ പ്രചാരകന്മാരുടെ സമ്മേളനത്തില്‍ സര്‍കാര്യവാഹ് രജുഭയ്യയുടെ നിര്‍ദ്ദേശം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് സംഘസന്ദേശവുമായി പ്രചാരകന്മാര്‍ പോകണം. കേരളത്തില്‍നിന്നുള്ള പ്രചാരകന്മാരോട് അന്നത്തെ പ്രാന്തപ്രചാരക് കെ. ഭാസ്‌കര്‍റാവു പറഞ്ഞു, ‘രജുഭയ്യ ആവശ്യപ്പെട്ട പ്രകാരം ആസാമിലേക്ക് പോകാന്‍ തയ്യാറുള്ളവര്‍ കൈ ഉയര്‍ത്ത്.’ രണ്ടുപേര്‍, പാലക്കാട് ജില്ലാ പ്രചാരക് മുരളി മനോഹറും ആലപ്പുഴ ജില്ലാ പ്രചാരക് എം.എം. അശോകനും. പത്തനംതിട്ടക്കാരനാണ് മുരളി. പാലക്കാട്ടുകാരനാണ് അശോകന്‍. പ്രചാരക് ബൈഠക് കഴിഞ്ഞ് എല്ലാവരും അതത് സ്ഥലങ്ങളിലേക്ക് തിരിച്ചുപോയി. വിശാല ഹിന്ദു സമ്മേളനത്തിന്റെ ഒരുക്കത്തിലായിരുന്നു എല്ലാവരും. അക്കാലം ആലപ്പുഴയിലെത്തിയ പി മാധവ്ജി, അശോകനോടു പറഞ്ഞു, ”ആസാമിലേക്ക് പോകേണ്ടിവരും. ഒരുങ്ങിയിരുന്നോ.” പിന്നെല്ലാം വേഗത്തിലായിരുന്നു. പോകേണ്ട തീയതി കാണിച്ച് ഭാസ്‌കര്‍ റാവുവിന്റെ കാര്‍ഡ് കിട്ടി.
പാലക്കാട്ടുനിന്ന് ട്രെയിനില്‍ ചെന്നെയിലേക്ക്. അവിടെനിന്ന് ഇംഫാലിലേക്ക്. യാത്രയാക്കാന്‍ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ആര്‍എസ്എസ് സംസ്ഥാന ചുമതലക്കാരായിരുന്ന ഭാസ്‌കര്‍ റാവുവും ആര്‍. ഹരിയും എസ്. സേതുമാധവനും എത്തിയിരുന്നു. കാലം കുറേ പിന്നിട്ടു. പ്രതിസന്ധികളുടെയും പ്രശ്‌നങ്ങളുടെയും നാളുകള്‍. മുരളി ആസാമിലും അശോകന്‍ മണിപ്പൂരിലും പ്രാന്തപ്രചാരകന്മമാര്‍ ആയി. 1991ല്‍ മുരളിയെ ഉള്‍ഫ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി വധിച്ചു.
നാല്‍പത് വര്‍ഷം മുന്‍പ് ഇംഫാലിലെ വിജയ് ഗോവിന്ദ് ശാഖയിലേക്കാണ് ആദ്യം പോയത്. 10, 12 കുട്ടികള്‍ മാത്രമുള്ള ശാഖ. രണ്ടാം ദിവസം ശാഖ എടുക്കാന്‍ ചെന്നപ്പോള്‍ ഒറ്റയാളില്ല. കുട്ടികളുടെ വീട്ടില്‍ പോകാന്‍ തീരുമാനിച്ചു. വിഘടനവാദികള്‍ എത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് ശാഖയ്ക്ക് വരാത്തത് എന്നായിരുന്നു മറുപടി. ധാന്‍പെന്‍ എന്ന സ്ഥലത്ത് പ്രഭാത ശാഖ ആരംഭിച്ചു. ഒരു വര്‍ഷത്തിനകം ഇംഫാലില്‍ മൂന്നു ശാഖകളായി. പത്തില്‍ താഴെ കുട്ടികള്‍ മാത്രമാണ് എത്താറ്. വിഘടനവാദികളുടെ ഭീഷണി മൂലം രഹസ്യമായിട്ടായിരുന്നു ശാഖ നടന്നിരുന്നത്. ഇംഫാല്‍ നഗര്‍ പ്രചാരകനായി ചുമതല കിട്ടി. 18 ശാഖകള്‍ വരെ ഇംഫാലില്‍ മാത്രം നടത്താനായി. മണിപ്പൂരില്‍ ആകെ 22 ശാഖകളും ഉണ്ടായി.
ഇടതു അനുകൂല വിഘടനവാദം മണിപ്പൂരിലെ സമൂഹത്തെ വല്ലാതെ സ്വാധീനിച്ചിരുന്നു. 1964ലാണ് മണിപ്പൂരിലെ ആദ്യ വിഘടന വാദ സംഘടന നിലവില്‍ വന്നത്. സാമൂഹ്യ പരിഷ്‌കരണം ആയിരുന്നു അവര്‍ മുന്നോട്ട് വച്ച മുദ്രാവാക്യം. പക്ഷേ ഒരു ഘടകം വിപ്ലവത്തെ അനുകൂലിച്ചു. വിപ്ലവം ആഗ്രഹിച്ചവര്‍ റെവല്യൂഷണറി ഗവണ്‍മെന്റ് ഓഫ് മണിപ്പൂര്‍ എന്ന പേരില്‍ അറിയപ്പെട്ടു. കിഴക്കന്‍ പാകിസ്ഥാനിലേക്ക് പരിശീലനത്തിനായി പോയി. പാക്ക് അധികൃതര്‍ പക്ഷേ ഈ മണിപ്പൂരി റിബലുകളെ അറസ്റ്റ് ചെയ്ത് ഇന്ത്യന്‍ പോലീസിനു കൈമാറി. സംഘടന പിളര്‍ന്ന് സുധിര്‍ കുമാറിന്റെ നേതൃത്വത്തില്‍ ഒരു ഗ്രൂപ്പും ബിശ്വേശ്വര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് ഗ്രൂപ്പുമായി.
സുധീറിനെ എതിരാളികള്‍ വധിച്ചു. ബിശ്വേശ്വര്‍ റെവല്യൂഷനറി പീപ്പിള്‍സ് ഫ്രണ്ട് എന്ന പാര്‍ട്ടി സ്ഥാപിക്കുകയും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എന്ന സായുധ സംഘടന 1978 ല്‍ രൂപീകരിക്കുകയും ചെയ്തു. ബിശ്വേശ്വറിന്റെ നേതൃത്വത്തില്‍ ഇരുപത് ഓഝ ഗോത്രവംശജരും ചൈനയില്‍ പോയി പരിശീലനം നേടി. നക്സലൈറ്റ് ആശയം ഉയര്‍ത്തി പിടിച്ചായിരുന്നു അവരുടെ മടങ്ങിവരവ്. ഇവര്‍ ചൈനയ്ക്ക് വേണ്ടി വാദിച്ചു. ടിബറ്റിനെ ഇന്ത്യ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു എന്ന് പ്രചരിപ്പിച്ചു. ബ്രഹ്മപുത്രയ്ക്കും ചിന്‍വിന്‍ നദിക്കും ഇടയിലുള്ള പ്രദേശം ഉള്‍പ്പെടുത്തി ബ്രാചീന്‍ ദേശ് വേണമെന്ന് വാദിച്ചു. ചൈനയില്‍ പരിശീലനം കഴിഞ്ഞ് തിരിച്ചെത്തിയവര്‍ കമ്യൂണിസ്റ്റ് രീതിയില്‍ സെല്ലുകള്‍ ഉണ്ടാക്കുകയും ആയുധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.
ഇതേസമയത്തുതന്നെ മണിപ്പൂരിന്റെ സ്വാതന്ത്ര്യത്തിനോടൊപ്പം ജനദ്രോഹികളെ കൊന്നൊടുക്കുകയും ചെയ്യും എന്ന് പ്രഖ്യാപിച്ച് പീപ്പീള്‍സ് റെവല്യൂഷണറി പാര്‍ട്ടി ഒഫ് കാങ്ങ്‌ലി പാക് നിലവില്‍ വന്നു.
യുണൈറ്റഡ് നാഷണല്‍ ലിബെറേഷന്‍ ഫ്രണ്ട് രാജ്കുമാര്‍ മേഘന്റെ നേതൃത്വത്തില്‍ സൈനിയാമ എന്ന പേരില്‍ പുനഃസംഘടിപ്പിച്ചു. 1979ല്‍ മൂന്ന് ഗ്രൂപ്പുകളും ഇംഫാല്‍ താഴ്‌വരയില്‍ ഗറില്ല യുദ്ധം ആരംഭിക്കുകയും അത് അവസാനിപ്പിക്കാന്‍ സൈന്യം രംഗത്തിറങ്ങുകയും ചെയ്തു. 1982 ഏപ്രിലില്‍ ബിശ്വേശ്വര്‍ കൊല്ലപ്പെട്ടിട്ടും ശക്തി ക്ഷയിക്കാതെ പിഎല്‍എ പോരാട്ടം തുടര്‍ന്നു. മദ്യം, ഹിന്ദി സിനിമ, പുകയില എന്നിവ താഴ്‌വരയില്‍ നിരോധിച്ചു.
1988-98 കാലത്ത് തീവ്രവാദം അതിശക്തമായി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ബന്ദിന്റെയും ഹര്‍ത്താലിന്റെയും ഭൂമിയാക്കി മാറ്റി. തോക്കിന്‍കുഴലില്‍ നിന്ന് രക്ഷപ്പെട്ട അനുഭവം എനിക്കുമുണ്ടായി.
1989 ല്‍ തൊവ്വാര്‍ ജില്ലാ പ്രചാരകനായി ചുമതല വഹിക്കുന്ന സമയം. വനവാസി കല്യാണാശ്രമത്തിന്റെ പേരില്‍ നിരവധി ശാഖകള്‍ ജില്ലയില്‍ തുടങ്ങി. ഒരു ദിവസം കല്യാണാശ്രമം ഹോസ്റ്റലില്‍ ഇരിക്കുമ്പോള്‍ തോക്കുധാരികളായ രണ്ടുപേര്‍ എത്തി. വാര്‍ഡന്‍ തോമര്‍ സിങ്ങിനെ ആദ്യം ചോദ്യം ചെയ്തു. തുടര്‍ന്ന് എന്നെ ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റി നിര്‍ത്തി മണിപ്പൂരിയിലും ഹിന്ദിയിലും മാറി മാറി ചോദ്യം ചെയ്യല്‍. സത്യസന്ധമായി ഉത്തരം നല്‍കി. ഏതു നിമിഷവും തോക്കില്‍ നിന്ന് വെടി ഉയരും എന്ന അവസ്ഥ. ഭയത്തേക്കാള്‍ എന്തോ ധൈര്യമാണ് അപ്പോള്‍ നയിച്ചത്. ഒരു ലൂണ സ്‌ക്കൂട്ടറില്‍ കാര്യാലയത്തിലേക്ക് ‘ഓര്‍ഗനൈസര്‍’ വിതരണം ചെയ്യുന്ന രാജേശ്വര്‍ സിങ് വരുന്നുണ്ടായിരുന്നു. വില്ലേജ് പോലീസ് പരിശീലനം ലഭിച്ച ആളാണോ വരുന്നത് എന്ന് യുവാക്കള്‍ ചോദിച്ചു. അതേ എന്ന് ഉത്തരം നല്‍കി. പെട്ടന്ന് ചോദ്യം ചെയ്യല്‍ നിര്‍ത്തി രണ്ടുപേരും വന്ന വണ്ടിയില്‍ത്തന്നെ സ്ഥലം കാലിയാക്കി. അന്ന് യുവാക്കള്‍ക്ക് വില്ലേജ് സുരക്ഷാ സേന എന്ന നിലയില്‍ സൈന്യം പരിശീലനം നല്‍കിയിരുന്നു.’
വടക്കു കിഴക്കന്‍മേഖലയെ ഇന്ത്യ സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി കോളനിവല്‍ക്കരിച്ചിരിക്കുകയാണ് എന്നായിരുന്നു വിഘടനവാദികളുടെ വാദം. അവര്‍ക്ക് അതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇന്ത്യാ വിരുദ്ധ രാജ്യങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ ഭാരതത്തെ അധിനിവേശ ശക്തിയായി കാണുന്ന ഒരു മനോഭാവം ഉടലെടുത്തത്. അതിന്റെ ഫലമായി ഭാരതത്തോടുള്ള വിരോധം വെറുപ്പാക്കി മാറ്റുന്നതില്‍ വിഘടനവാദികള്‍ വിജയിച്ചു. ആഗോള സാഹചര്യങ്ങള്‍ ശരിക്ക് ഉപയോഗപ്പെടുത്തിയാല്‍ അന്തര്‍ രാജ്യ വാണിജ്യ ബന്ധങ്ങളുടെ സിരാകേന്ദ്രം ആകേണ്ടിയിരുന്ന, വിവിധ വിദേശ രാജ്യങ്ങളോടൊപ്പം അതിര്‍ത്തി പങ്കിടുന്ന വടക്കു കിഴക്കന്‍ പ്രദേശങ്ങള്‍ പൊതുജീവിതത്തില്‍ ശാന്തിയും സമാധാനവും ഇല്ലാതെ സാംസ്‌കാരിക വ്യവസായ വാണിജ്യ മേഖലകളില്‍ സമ്പൂര്‍ണമായും പിന്തള്ളപ്പെട്ടു.
വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് വടക്ക് കിഴക്കന്‍ മേഖലയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ യുദ്ധവിരാമം പ്രഖ്യാപിച്ചിരുന്നു. ഇത് പൊളിക്കാന്‍ കടുത്ത തീവ്രവാദഗ്രൂപ്പുകള്‍ അക്രമം അഴിച്ചുവിട്ടു. ചൈനയുടെ പിന്തുണയുള്ള നക്സല്‍ ഗ്രൂപ്പുകളാണ് മുന്നില്‍ നിന്നത്. കോണ്‍ഗ്രസിന്റേയും സിപിഐയുടേയും ഉള്‍പ്പെടെ പാര്‍ട്ടി ഓഫീസുകള്‍, അസംബ്ലി മന്ദിരം, പ്രമുഖ രാഷ്ട്രീയക്കാരുടെ വീടുകള്‍ എന്നിവ കത്തിക്കുന്ന തരത്തില്‍ അത് വളര്‍ന്നു. ദേശീയ പതാക പരസ്യമായി കത്തിച്ചു. എന്നാല്‍ ആര്‍ എസ് എസ് കാര്യാലങ്ങള്‍ നശിപ്പിക്കാന്‍ അവര്‍ക്കായില്ല. ശ്രമിക്കാഞ്ഞിട്ടല്ല. കാര്യാലയം കത്തിക്കാനെത്തിയവരെ അമ്മമാരുടെ സംഘം ചെറുത്തോടിച്ച സംഭവങ്ങള്‍ നിരവധിയുണ്ടായി.
2014വരെ വിദ്യാഭ്യാസമേഖലയില്‍ വടക്ക് കിഴക്ക് മേഖല സമ്പൂര്‍ണ്ണ പരാജയമായിരുന്നു.വടക്ക് കിഴക്കന്‍ പ്രദേശങ്ങളെ അറിയപ്പെടാത്ത സ്വര്‍ഗ്ഗം എന്നാണു ടൂറിസം മാപ്പില്‍ വിശേഷിപ്പിക്കുന്നത്. അത് സത്യമായിരുന്നു. കാരണം ഈ മേഖലയെക്കുറിച്ചു മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് വലിയ അറിവില്ലായിരുന്നു. അല്പമെങ്കിലും അറിവുള്ളവരാകട്ടെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പരിഭ്രാന്തി പരത്താനാണ് ശ്രമിച്ചത്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വടക്കുകിഴക്കന്‍ മേഖലയെ മുഖ്യധാരയിലെത്തിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമം തുടങ്ങി. സപ്ത സഹോദരിമാര്‍ എന്നറിയപ്പെട്ടിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ സിക്കിമിനെയും ചേര്‍ത്ത് അഷ്ടലക്ഷ്മിമാര്‍ എന്ന് പുനര്‍ നാമകരണം ചെയ്തു. അതിലൂടെ അതുവരെ ഈ സംസ്ഥാനങ്ങളെക്കുറിച്ചു ഉണ്ടായിരുന്ന കാഴ്ചപ്പാടുകള്‍ മാറി. ഒരു കാലത്ത് സഞ്ചാരികള്‍ വരാന്‍ പേടിച്ചിരുന്ന ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കായി. സഞ്ചാരികളുടെ വാക്കുകളിലൂടെ വടക്കു കിഴക്കിന്റെ യഥാര്‍ത്ഥ ചിത്രംപുറം ലോകം അറിഞ്ഞു. അത്രയും കാലം നിക്ഷിപ്ത താല്പര്യക്കാരായ മാധ്യമങ്ങളിലൂടെ മാത്രം വടക്കുകിഴക്കിനെക്കുറിച്ചറിഞ്ഞ ലോകം ആ പുതിയ അറിവുകളില്‍ ആശ്ചര്യം കൂറി. വ്യവസായ,വാണിജ്യമേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിച്ചപ്പോള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും നിക്ഷേപകരുടെ ഒഴുക്ക് തുടങ്ങി.
”മണിപ്പൂരിലെ ആര്‍എസ്എസ് ചരിത്രത്തിലെ വഴിത്തിരിവായിരുന്നു 2016ല്‍ നടന്ന ക്ഷേത്രീയ കാര്യകാരി മണ്ഡല്‍ ബൈഠക്കും സമാപനമായി നടന്ന പൊതുപരിപാടിയും. പരമാവധി 5000 പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. പരിപാടിക്ക് അരമണിക്കൂര്‍ മുന്‍പ് വരെ വിരലിലെണ്ണാവുന്നവര്‍ മാത്രം. പിന്നീട് ജനങ്ങളുടെ ഒഴുക്കായിരുന്നു. ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞു. രണ്ടായിരത്തിലധികം പേര്‍ക്ക് പുറത്തിരിക്കേണ്ടിവന്നു. പത്രപ്രവര്‍ത്തകരും രഹസ്യാനേഷണ ഏജന്‍സികളും ഇതെങ്ങനെ സാധിച്ചുവെന്നു അത്ഭുതപ്പെട്ടു. 2018ല്‍ നടന്ന തരുണശിബിരവും നാഴികക്കല്ലായിരുന്നു. എല്ലാ ജില്ലകളില്‍ നിന്നുമായി 1154 ഗണവേഷധാരികളായ സ്വയംസേവകര്‍ പങ്കെടുത്തു.”
2017 മുതല്‍ മണിപ്പൂര്‍ ഭരിക്കുന്നത് ബിജെപിയാണ്. ഇന്ന് മണിപ്പൂര്‍ ഉള്‍പ്പെടെ സപ്ത സഹോദരിമാര്‍ മാറ്റത്തിന്റെ പാതയിലാണ്. അത് വിളിച്ചുപറഞ്ഞുകൊണ്ടാണ് കഴിഞ്ഞ സെപ്തംബറില്‍ ഗുവാഹത്തിയിലെ ശ്രീമദ് ശങ്കര്‍ദേവ് കലാക്ഷേത്രത്തില്‍ ലോക്മന്ഥന്‍ നടന്നത്. ബുദ്ധിജീവികളും കലാകാരന്മാരും ഭരണ സാരഥികളും കരകൗശല കലാ വിദഗ്ധരുമൊക്ക ഒത്തുചേര്‍ന്ന് തങ്ങളുടെ വിലപ്പെട്ട അറിവും അനുഭവ സമ്പത്തും കാഴ്ചപ്പാടും അവതരിപ്പിച്ചു. ഭാരതം എന്ന രാഷ്ട്രം രാഷ്ട്രീയ അധികാരം കൊണ്ടോ ഭരണ സംവിധാനം കൊണ്ടോ ഉണ്ടായതോ നിലനില്‍ക്കുന്നതോ അല്ല അതിനപ്പുറം അനേകായിരം തലമുറകളായി ഓരോ പ്രദേശത്തെയും ജനവിഭാഗങ്ങള്‍ തങ്ങളുടെ വിശ്വാസങ്ങളിലൂടെയും ആചാരങ്ങളിലൂടെയും സാംസ്‌കാരിക വിനിമയങ്ങളിലൂടെയും വളര്‍ത്തിക്കൊണ്ട് വരുന്ന ഏകാത്മഭാവത്തിന്റ മൂര്‍ത്ത രൂപമാണത് എന്ന് പ്രഖ്യാപിച്ചു. വൈദേശിക ശക്തികള്‍ നൂറ്റാണ്ടുകള്‍ പണിപ്പെട്ടിട്ടും തകര്‍ക്കാന്‍ കഴിയാത്ത ഭാരതം ഇന്ന് വര്‍ധിതവീര്യത്തോടെ ലോകത്തിന് നേതൃത്വം നല്‍കുമ്പോള്‍ അതില്‍ മണിപ്പൂരുമുണ്ടാകുന്നതിന് പിന്നില്‍ നിശബ്ദമായ ഈ സംഘപ്രവര്‍ത്തനവുമുണ്ട്.
Discussion about this post