കൊല്‍ക്കത്ത: നേതാജി സുബാഷ് ചന്ദ്രബോസിന്‍റെയും ആര്‍എസ്എസിന്‍റെയും ആദര്‍ശം സമാനമായിരുന്നുവെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. കൊല്‍ക്കത്ത ഷഹീദ് മിനാര്‍ മൈതാനത്ത് നടന്ന നേതാജി ജയന്തി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രത്തിനായി നേതാജി ജീവിതം സമര്‍പ്പിച്ചത് എന്തെങ്കിലും പ്രതീക്ഷിച്ചുകൊണ്ടായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നേതാജിയുടെ മാര്‍ഗവും ലക്ഷ്യവും മാതൃകയാണ്, ആ ആദര്‍ശത്തെ പിന്തുടര്‍ന്ന് ഭാരതത്തെ വിശ്വഗുരുസ്ഥാനത്തെത്തിക്കുന്നതിനുള്ള പ്രയത്‌നമാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.
ആ സ്വപ്നങ്ങള്‍ ഇനിയും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. ഓരോ ജയന്തിദിനത്തിലും നേതാജിയെ അനുസ്മരിക്കുന്നതുകൊണ്ട് നമ്മുടെ കടമ കഴിയുന്നില്ല. അദ്ദേഹം ജീവിതം സമര്‍പ്പിച്ച അതേ ലക്ഷ്യത്തിലേക്ക് രാഷ്ട്രത്തെ എത്തിക്കുന്നതുവരെ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. കാലം മാറിയിട്ടുണ്ടാകാം, സാഹചര്യങ്ങളും മാറിയേക്കാം. എന്നാല്‍ ലക്ഷ്യത്തില്‍ മാറ്റമില്ല.
നേതാജി ആദ്യം കോണ്‍ഗ്രസിനോടൊപ്പമാണ് പ്രവര്‍ത്തിച്ചത്. സത്യഗ്രഹസമരമായിരുന്നു വഴി. എന്നാല്‍ പിന്നീട് സ്വാതന്ത്ര്യം നേടിയെടുക്കുന്നതിന് അതുപോരാ എന്ന് തോന്നി. വഴിമാറി സ്വന്തം വഴി കണ്ടെത്തി. പക്ഷേ, ലക്ഷ്യം മാറിയില്ല. ആ ലക്ഷ്യം രാഷ്ട്രത്തിന്‍റെ സമ്പൂര്‍ണ സ്വാതന്ത്ര്യമാണ്. അത് നമ്മുടെയും ലക്ഷ്യമാണ്. ഇന്ത്യ ലോകത്തിന്‍റെ ചെറിയ പതിപ്പാണെന്നും ലോകത്തിന് ആശ്വാസം പകരുക ഇന്ത്യയുടെ കടമയാണെന്നും നേതാജി പറഞ്ഞിട്ടുണ്ട്. നമുക്ക് ആ വാക്കുകളെ ഓര്‍ക്കാം. അതേ പാതയില്‍ സഞ്ചരിക്കാം, സര്‍സംഘചാലക് പറഞ്ഞു.
Discussion about this post