ബെംഗളൂരു: ജനശ്രദ്ധ കിട്ടാന്‍ നോട്ടുകള്‍ വാരി വിതറി ഗതാഗതക്കുരുക്ക് ഉണ്ടാക്കിയ യുട്യൂബറെ പോലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരു കെആര്‍ മാര്‍ക്കറ്റ് മേല്‍പ്പാലത്തില്‍ നിന്നാണ് അരുണ്‍ എന്ന യു ട്യൂബര്‍ ഒരു പിടി കറന്‍സി നോട്ടുകള്‍ വാരി എറിഞ്ഞത്. പാലത്തിന് താഴെ നോട്ടുകള്‍ ശേഖരിക്കാന്‍ ആളുകള്‍ തടിച്ചുകൂടിയതോടെ ഗതാഗതം സ്തംഭിച്ചു. 10 രൂപയുടെ രണ്ടായിരത്തോളം നോട്ടാണ് ഇയാള്‍ ജനങ്ങള്‍ക്കിടയിലേക്ക് എറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കോട്ട് ധരിച്ച്, കഴുത്തില്‍ ചെറിയ ക്ലോക്ക് തൂക്കി ഇരുചക്രവാഹനത്തില്‍ വന്നാണ് ഇയാള്‍ മേല്‍പ്പാലത്തിന്റെ ഇരുവശങ്ങളില്‍ നിന്നും താഴെയുള്ള റോഡിലേക്ക് നോട്ടെറിഞ്ഞത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റുചെയ്തു. ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ യു ട്യൂബിന് റീച്ച് കിട്ടാനാണ് ഈ സാഹസം ചെയ്തതെന്നാണ് പോലീസ് പറയുന്നത്.
പ്രമോഷനും പബ്ലിസിറ്റിക്കും വേണ്ടിയാണ് അയാള്‍ ഇത് ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാളും സുഹൃത്ത് സതീഷും രാവിലെ മേല്‍പ്പാലത്തിന് സമീപം എത്തി പണം എറിയുകയായിരുന്നു. ജനങ്ങള്‍ പണത്തിനായി തിരക്കുകൂട്ടുന്നതിന്റെയും ഗതാഗതക്കുരുക്കിന്റെയും വീഡിയോകള്‍ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയിലും ഷെയര്‍ ചെയ്തു’, ബെംഗളൂരു വെസ്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ലക്ഷ്മണ് നിംബര്‍ഗി പറഞ്ഞു. നാഗര്ഭവിയിലെ ഇയാളുടെ വീട്ടിലെത്തിയാണ് പോലീസ് പൊതുശല്യത്തിന് ഇടയാക്കിയ കുറ്റത്തിന് നോട്ടീസ് നല്കി. മാനസികാസ്വാസ്ഥ്യമുണ്ടെന്ന ആരോപണം ഇയാള്‍ നിഷേധിച്ചതായി അവര്‍ പറഞ്ഞു.
Discussion about this post