ന്യൂദല്‍ഹി: സംസ്കൃതം രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയാക്കണമെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. ഈ ആവശ്യം ആദ്യം ഉന്നയിച്ചത് ഭരണഘടനാ സമിതി അധ്യക്ഷനായ ഡോ. ബി.ആര്. അംബേദ്ക്കറാണ്. 1949 സപ്തംബര്‍ 11ന് സംസ്കൃതം ഔദ്യോഗിക ഭാഷയാക്കണമെന്ന നിര്‍ദ്ദേശത്തില്‍ അദ്ദേഹം ഒപ്പുവച്ചു. ബംഗാളില്‍ നിന്നുള്ള ഡോ. നസിറുദ്ദീന്‍ അഹമ്മദ്, ബാലകൃഷ്ണ വിശ്വനാഥ് കേസ്ക്കര്‍,ദാക്ഷായണി വേലായുധന് തുടങ്ങിയവരും അതില്‍ ഒപ്പിട്ടു. ഇംഗ്ലീഷ് ഭാഷയിലുള്ള ഭരണം നമ്മുടെ ജനങ്ങള്‍ക്ക് മനസിലാവില്ലെന്ന പൂര്‍ണ്ണബോധ്യത്തോടെ തന്നെ അവര്‍ ഈ പ്രമേയം അവതരിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്കൃത ഭാരതിയുടെ അഖില ഭാരതീയ ഛാത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ബോബ്ഡെ.
ഇംഗ്ലീഷ് ഭാഷ ചെയ്യുന്നതെല്ലാം സംസ്കൃതത്തിനും കഴിയും. ബ്രിട്ടീഷ് ഭരണകാലത്തെ ഒരേ ഒരു ഔദ്യോഗിക ഭാഷയായിരുന്നതിനാലാണ് ഇംഗ്ലീഷ് രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയായത്. അന്ന് അങ്ങനെ പ്രഖ്യാപിച്ചില്ലായിരുന്നുവെങ്കില്‍, ഇന്ന് നമുക്ക് ഔദ്യോഗിക ഭാഷയെന്ന സങ്കല്‍പ്പം തന്നെ ഉണ്ടാകുമായിരുന്നില്ല. ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് കാര്യങ്ങള്‍ പറയാന്‍ സാധിക്കുന്ന ഭാഷയാണ് സംസ്കൃതമെന്നാണ് നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. നിര്‍മ്മിത ബുദ്ധിയുടെ ഇക്കാലത്ത് സംസ്കൃതഭാഷാപഠനം കുറേക്കൂടി എളുപ്പമാണ്. സെക്കന്‍ഡില്‍ ഒരു ബില്ല്യന്‍ ചിഹ്നങ്ങള്‍ (കാരക്ടേഴ്സ്) എന്നതരത്തിലാണ് നിര്‍മ്മിത ബുദ്ധി പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ ആര്‍ക്കും മനസിലാകുന്ന പദസഞ്ചയം രൂപപ്പെടുത്താന്‍ ഇന്ന് നിര്‍മ്മിത ബുദ്ധിക്ക് കഴിയും.
ഇന്ന് ഇംഗ്ലീഷും ഹിന്ദിയും ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്നു. കോടതികളും ഇവ തന്നെ ഉപയോഗിക്കുന്നു. എന്നാല്‍ ജനങ്ങളില്‍ നിന്ന് ചീഫ് ജസ്റ്റിസിന് ലഭിക്കുന്ന നിവേദനങ്ങള്‍ എല്ലാം പ്രാദേശിക ഭാഷകളിലാണ്. ഹിന്ദുസ്ഥാനിയിലുള്ളതു പോലുള്ള ഹിന്ദിയും എട്ട് പ്രദേശിക ഭാഷകളും വികസിപ്പിക്കണമെന്നാണ് ഭരണഘടനയുടെ 351-ാം വകുപ്പ് പറയുന്നത്. എന്നാല്‍ എന്തുകൊണ്ട് സംസ്കൃതം ഉള്‍പ്പെടുത്തുന്നില്ല? സംസ്കൃതം ഇനിയും ഉള്‍പ്പെടുത്താം, പക്ഷെ ഞാന്‍ ഒരു കാര്യം വ്യക്തമാക്കാം. മതേതര ഭാഷയെന്ന നിലയ്ക്ക്, രാജ്യഭാഷയെന്ന നിലയ്ക്കാണ്, ഞാന്‍ സംസ്കൃതത്തെപ്പറ്റി പറയുന്നത്. കന്നഡയിലും ഒഡീസിയിലും ആസാമിയിലും ഉര്‍ദുവിലും അങ്ങനെ പല ഭാഷകളിലും 60 മുതല്‍ 70 ശതമാനം വരെ സംസ്കൃത വാക്കുകളുണ്ട്. സംസ്കൃതം, സാധ്യമായ മതേതര ഭാഷയാണ്. കമ്പ്യൂട്ടറിനു പോലും ഉപയോഗിക്കാന്‍ പറ്റുന്ന മതേതര ഭാഷ, അവിടെ ഒരു മതത്തിന്റെയോ വിവേചനത്തിന്റെയോ കാര്യം ഉദിക്കുന്നു പോലുമില്ല. എന്നാല്‍ ഭാഷകള്‍ ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കാനും ആവില്ല, അദ്ദേഹം പറഞ്ഞു.
Discussion about this post