ന്യൂദല്‍ഹി: 2024ലെ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ് നാളെ. പാര്‍ലമെന്റിന്‍റെ ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിക്കുന്ന ഇന്ന് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തും. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്‍റെ ആദ്യനയ പ്രഖ്യാപന പ്രസംഗമാണിത്. പാര്‍ലമെന്റിലെത്തുന്ന രാഷ്ട്രപതിയെ രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ലോക്‌സഭാ സ്പീക്കര്‍ ഓംബിര്‍ള, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.
രാവിലെ 11നാണ് നയപ്രഖ്യാപന പ്രസംഗം. തുടര്‍ന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് അവതരിപ്പിക്കും. 2022-23ലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് സാമ്പത്തിക സര്‍വേ വ്യക്തമാക്കും. ജിഡിപി വളര്‍ച്ച, പണപ്പെരുപ്പം, മറ്റു പ്രധാന സാമ്പത്തിക കാര്യങ്ങള്‍ എന്നിവയെക്കുറിച്ചും സാമ്പത്തിക സര്‍വേയില്‍ രേഖപ്പെടുത്തും. നാളെ രാവിലെ 11ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ തുടര്‍ച്ചയായ പത്താം ബജറ്റവതരണമാണിത്.
സമ്മേളനത്തിന്‍റെ ആദ്യഘട്ടം ഫെബ്രുവരി 13ന് അവസാനിക്കും. രണ്ടാംഘട്ടം മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ ആറ് വരെ നടക്കും. 27 ദിവസമാണ് സഭ സമ്മേളിക്കുക. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സര്‍വകക്ഷിയോഗം ചേര്‍ന്നു. പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, അര്‍ജുന്‍ റാം മെഘ്വാള്‍, വി. മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post