അഗര്‍ത്തല: ത്രിപുരയില്‍ ബിജെപിയില്‍ ചേര്‍ന്ന കൈലാഷഹര്‍ സിറ്റിങ് എംഎല്‍എ മൊബോഷര്‍ അലിക്കെതിരെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാകാതെ സിപിഎം. അലിക്കെതിരെ മത്സരിക്കാന്‍ പാര്‍ട്ടിക്കാരാരും തയാറാകാത്തതിനെത്തുടര്‍ന്ന് വിചിത്രമായ വാദവുമായി പാര്‍ട്ടി രംഗത്ത്.
മൊബോഷര്‍ അലി പാര്‍ട്ടിയുടെ എം എല്‍ എ സ്ഥാനം രാജിവച്ചിട്ടില്ലെന്നും പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി കൈലാഷഹര്‍ മണ്ഡലത്തിലെ പോള്‍ ഓഫീസര്‍ക്ക് കത്തെഴുതി. കഴിഞ്ഞ തവണ ഇവിടെ നിന്ന് സിപിഎം ടിക്കറ്റില്‍ ജയിച്ച അലി ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥിയായി നോമിനേഷന് നല്കി. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കരുതെന്ന ആവശ്യവുമായാണ് സിപിഎം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.
സിപിഎമ്മിലെ ഒരു സിറ്റിങ് എംഎല്‍എ എന്ന നിലയില്‍ നിയമസഭയിലെത്തുന്ന ആള് എങ്ങനെ ബിജെപി സ്ഥാനാര്‍ത്ഥിയാകും എന്ന് ജിതേന്ദ്ര ചൗധരി ചോദിക്കുന്നു.
മൊബോഷര്‍ അലി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചത്. തുടര്‍ന്ന് ചൊവ്വാഴ്ച സ്വന്തം മണ്ഡലത്തില്‍ പത്രികയും നല്കി. 16നാണ് ത്രിപുരയില്‍ വോട്ടെടുപ്പ്. മാര്‍ച്ച് രണ്ടിന് വോട്ടെണ്ണലും നടക്കും.
Discussion about this post