നാഗ്പൂര്‍: എല്ലാ ആശയങ്ങള്‍ക്കും ഇടമുണ്ടാകുന്നതാണ് ഒരു നല്ല രാജ്യത്തിന്‍റെ ലക്ഷണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഒരു പ്രത്യയശാസ്ത്രത്തിനോ ഒരു വ്യക്തിക്കോ മാത്രമായി ഒരു രാജ്യത്തെ നിര്‍മ്മിക്കാനോ തകര്‍ക്കാനോ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാഗ്പൂരില്‍ രാജരത്ന പുരസ്‌കാര സമിതി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
സമൂഹം പ്രവര്‍ത്തിക്കുന്നത് ഗുണങ്ങളുടെ അടിസ്ഥാനത്തിലാണ്. ഒരു രാഷ്ട്രം മഹത്തരമാകുന്നത് സമൂഹത്തിന്‍റെ ഗുണങ്ങളുടെ അടിസ്ഥാനത്തിലാണ്. ഏതെങ്കിലും ഒരു ആശയം മാത്രം മതി, ഒരു വ്യക്തി മാത്രം മതി എന്നത് നല്ല രാജ്യങ്ങളുടെ ലക്ഷണമല്ല. ലോകത്തിലെ നല്ല രാജ്യങ്ങള്‍ എല്ലാത്തരം ആശയങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്. ഇത്തരം ആശയങ്ങളെയും അതിനനുസൃതമായ സംവിധാനങ്ങളെയും ഉള്‍ക്കൊണ്ടുതന്നെയാണ് രാഷ്ട്രങ്ങള്‍ വളരുന്നത്.
ഒരു പക്ഷേ ആ രാജ്യങ്ങള്‍ സമ്പന്നമോ സമൃദ്ധമോ ആവണമെന്നില്ല. എന്നാല്‍ അവിടെ നല്ല നേതാക്കളെ കണ്ടെത്താനാകും. ഇതെല്ലാം രാഷ്ട്ര നിര്‍മ്മാണത്തിന്‍റെ ഉപഘടകങ്ങളാണ്. പ്രധാന കാര്യം സമാജത്തിന്‍റെ ഗുണവും ഐക്യവുമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏക ആശയത്തെ അടിച്ചേല്‍പിക്കാനാണ് അധിനിവേശ ശക്തികള്‍ ഭാരതത്തില്‍ ശ്രമിച്ചത്. അത്തരം അക്രമകാരികളെ ചെറുത്തുതോല്പിക്കുന്നതില്‍ നമ്മുടെ നാട്ടുരാജ്യങ്ങള്‍ വലിയ പങ്കാണ് വഹിച്ചതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Discussion about this post