കന്യാകുമാരി: ജനങ്ങളോടാണ് ഒരു ജേണലിസ്റ്റ് റിപ്പോർട്ട് ചെയ്യേണ്ടതെന്നും അത് ആക്ടിവിസമല്ലെന്നും ഭോപാൽ മഖൻലാൽ ചതുർവേദി നാഷണൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.കെ.ജി.സുരേഷ് . വാർത്തയുടെ എല്ലാ വശവും ജനങ്ങളോട് പറയുകയാണ് ജേണലിസ്റ്റിന്റെ ദൗത്യം. തെരുവ് നായയുടെ സംരക്ഷണം മാത്രമല്ല അതിന്റെ കടിയേൽക്കുന്ന മനുഷ്യന്റെ സംരക്ഷണവും അതിൽപ്പെടും. ആക്ടിവിസ്റ്റിന് ഒരു പക്ഷം ഒരു പക്ഷത്തിന് വേണ്ടി മാത്രമാവും സംസാരിക്കുക, അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനുമായി ചേർന്ന് വിശ്വസംവാദ കേന്ദ്രം കന്യാകുമാരി വിവേകാനന്ദ കേന്ദ്രം കാമ്പസിലെ ഏകനാഥ് ഹാളിൽ സംഘടിപ്പിക്കുന്ന യൂത്ത് ജേണലിസം വർക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എഡി, ബിസി എന്ന് കാലത്തെ വിഭജിക്കും പോലെ ബിഫോർ ഗൂഗിൾ (ബിജി ), ആഫ്റ്റർ ഗൂഗിൾ (എജി) എന്ന് മാധ്യമ പ്രവർത്തനത്തെ രണ്ടായി കാണേണ്ട കാലമാണിത്. കണ്ണും കാതും തുറന്ന് വാർത്തയ്ക്കായി കാത്തിരിക്കുക എന്നതിനൊപ്പം മനസ്സും തുറന്നിരിക്കണമെന്നത് കൂട്ടിച്ചേർക്കണമെന്ന് ഡോ. സുരേഷ് പറഞ്ഞു.
വിശ്വ സംവാദകേന്ദ്രം അധ്യക്ഷൻ എം.രാജശേഖരപ്പണിക്കർ അധ്യക്ഷത വഹിച്ചു. വിവേകാനന്ദ കേന്ദ്രം പ്രാന്ത സംഘാടക് വിശ്വാസ് ലപാൽക്കർ, ഐ ഐ എം സി റീജണൽ ഡയറക്ടർ ഡോ. അനിൽകുമാർ വടവാതൂർ, മാഗ് കോം ഡയറക്ടർ ഡോ.എ.കെ. അനുരാജ്, വിശ്വസംവാദകേന്ദ്രം എക്സിക്യൂട്ടീവ് മെമ്പർ എം. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
പി ഐ ബി അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിസ്വാമി ക്ലാസ് നയിച്ചു.
പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ ,പ്രൊഫ.പി.ജി. ഹരിദാസ് , എം.രാജശേഖരപ്പണിക്കർ, ജി.കെ.സുരേഷ് ബാബു എന്നിവർ നാളെ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുക്കും. ശില്പശാല നാളെ സമാപിക്കും.
Discussion about this post