കൊല്‍ക്കത്ത: കേന്ദ്രമന്ത്രി നിഷിത് പ്രമാണിക്കിന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍ സി.വി. ആനന്ദബോസ്. വിഷയത്തില്‍ ഉടനടി കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ക്രമസമാധാന നില തകരുന്ന സാഹചര്യത്തില്‍ നിശബ്ദത പാലിക്കില്ലെന്നും ആവശ്യമെങ്കില്‍ ശക്തമായി ഇടപെടുമെന്നും ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ക്രമസമാധാന തകര്‍ച്ചയ്ക്ക് ഗവര്‍ണര്‍ മൂകസാക്ഷിയാകില്ല, എപ്പോള്‍ വേണമെങ്കിലും എവിടെയും ഇടപെടും. നാടിന്റെ വേര് അഴുകുന്നത് ഫലപ്രദമായി തടയാനും സമാധാനവും ഐക്യവും പുനഃസ്ഥാപിക്കുന്നതിന് ശക്തവും ഫലപ്രദവുമായ ഇടപെടാനും താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രമന്ത്രി പ്രമാണിക്കിന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ നടത്തിയ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് പ്രസ്താവനയെന്ന് ഗവര്‍ണര്‍ പറഞ്ഞു. സംസ്കാരത്തിനും അസൂയാവഹമായ ചരിത്രത്തിനും പേരുകേട്ട ബംഗാളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് ആനന്ദ ബോസ് അഭിപ്രായപ്പെട്ടു.
”പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാഗമാണ്, എന്നാല്‍ അക്രമം സംസ്കൃതമായ പെരുമാറ്റത്തിന്റെ ഭാഗമല്ല. നിയമം കൈയിലെടുക്കാന്‍ ശ്രമിക്കുന്ന സാമൂഹിക വിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അക്രമം നിഷ്കരുണം വേരോടെ പിഴുതെറിയും, ഗവര്‍ണറുടെ പ്രസ്താവനയില്‍ പറയുന്നു.
ക്രമസമാധാനപാലനത്തില്‍ ഒരു അലംഭാവവും വെച്ചുപൊറുപ്പിക്കില്ലെന്ന് സൂചിപ്പിച്ച ഗവര്‍ണര്‍ ഒരു കാരണവശാലും സമൂഹത്തെ ബന്ദിയാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പറഞ്ഞു.
വെല്‍വെറ്റ് കയ്യുറയില്‍ ഇരുമ്പ് മുഷ്ടി ഉപയോഗിച്ച് നിയമവാഴ്ച സ്ഥാപിക്കും. ജനാധിപത്യത്തെ മൊബോക്രസിയിലേക്ക് അധഃപതിക്കാന്‍ അനുവദിക്കില്ല,’ പത്രക്കുറിപ്പില്‍ പറയുന്നു.
Discussion about this post