ന്യൂദല്‍ഹി : ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാന രഹിതമായ കുപ്രചാരണങ്ങള്‍ നടത്തുന്നതിന് പകരം സ്വന്തം ജനതയുടെ പ്രയോജനത്തിനായി പ്രവര്‍ത്തിക്കണമെന്ന് പാക്കിസ്ഥാന് യുഎന്നില്‍ ഇന്ത്യയുടെ രൂക്ഷ വിമര്‍ശനം. കശ്മീരുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ വിദേശകാര്യ സഹമന്ത്രി ഹീന റബ്ബാനി ഖാര്‍ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധി സീമ പൂജാനിയാണ് ഇത്തരത്തില്‍ വിമര്‍ശനം ഉയര്‍ത്തിയത്.
സ്വന്തം രാജ്യത്തെ ജനങ്ങള്‍ ഉപജീവനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പേരാടുമ്പോള്‍, പാക്കിസ്ഥാന്റെ ശ്രദ്ധ തെറ്റായ കാര്യങ്ങളിലാണ്. മറ്റൊരു രാജ്യത്തിനെതിരെ അടിസ്ഥാനരഹിതമായ പ്രചാരണത്തിന് നില്‍കാതെ പാക് ഭരണകൂടവും ഉദ്യോഗസ്ഥരും സ്വന്തം ജനതയുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തണം എന്നായിരുന്നു പൂജാനിയുടെ പ്രസ്താവന. ‘ഇന്ത്യന്‍ അധിനിവേശ അധികാരികള്‍, വീടുകള്‍ പൊളിച്ചും ഭൂമിയുടെ പാട്ടം അവസാനിപ്പിച്ചും കശ്മീരികളുടെ ഉപജീവനമാര്‍ഗങ്ങള്‍ ഇല്ലാതാക്കി, കശ്മീരികള്‍ക്കെതിരായ ശിക്ഷ വര്‍ധിപ്പിച്ചിരിക്കുന്നുവെന്നായിരുന്നു ഹീന റബ്ബാനിയുടെ പരാമര്‍ശം.
പാക്കിസ്ഥാനില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ന്യൂനപക്ഷ സമുദായത്തിലെ തിരോധാനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മിഷന്‍ 8,463 പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇവരുടെ ക്രൂരതകള്‍ക്ക് സ്ഥിരം ഇരയാകുന്നത് ബലൂച് ജനതയാണ്. വിദ്യാര്‍ത്ഥികള്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അധ്യാപകര്‍, എന്നിവരെ സ്ഥിരം കാണാതാകുന്നുണ്ട്. ക്രിസ്ത്യന്‍ സമുദായത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധിതമായി പരിവര്‍ത്തനം ചെയ്യപ്പെടുന്നുണ്ട്. ഹിന്ദുക്കളുടെയും സിഖുകാരുടെയും ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കി.
അതസമയം ജമ്മു കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി പ്രതിനിധിയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷനും (ഒഐസി) നടത്തിയ പ്രസ്താവനയേയും സീമ പൂജാനി അപലപിച്ചു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ആവശ്യപ്പെടാത്ത അഭിപ്രായങ്ങള്‍ പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം.
ഒഐസിയുടെ ജമ്മു കശ്മീരിനെക്കുറിച്ചുള്ള അനാവശ്യ പരാമര്‍ശങ്ങള്‍ നിരസിക്കുന്നു. ജമ്മു- കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഴുവന്‍ പ്രദേശങ്ങളും എപ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കും. ഇന്ത്യന്‍ പ്രദേശത്ത് പാക്കിസ്ഥാന്‍ നിയമവിരുദ്ധമായ അധിനിവേശത്തിലാണ്. പാക് ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദം ഉപേക്ഷിക്കാനും ഇന്ത്യന്‍ പ്രദേശത്തെ അധിനിവേശം പിന്‍വലിക്കാനും അതിന്റെ അംഗമായ പാക്കിസ്ഥാനോട് ആവശ്യപ്പെടുന്നതിനുപകരം ഒഐസി, ഇന്ത്യയ്‌ക്കെതിരെ ദുരുദ്ദേശ്യപരമായ പ്രചരണത്തിന് അനുവാദം നല്‍കുകയാണെന്നും പൂജാനി വിമര്‍ശിച്ചു.
Discussion about this post