ന്യൂദൽഹി: ശിശുസംരക്ഷണത്തിനും വികസനത്തിനുമായി കേന്ദ്ര സർക്കാർ രണ്ട് ലക്ഷം അങ്കണവാടികൾ നവീകരിക്കുമെന്ന് കേന്ദ്ര വനിതാ ശിശുവികസന മന്ത്രി സ്മൃതി ഇറാനി. ഡോ.പി.ടി. ഉഷ എം പിയുടെ ചോദ്യത്തിന് രാജ്യസഭയിൽ മറുപടി നൽകുകയായിരുന്നു കേന്ദ്രമന്ത്രി.
അങ്കണവാടികൾ നവീകരിക്കുന്നതിനും സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുമായി ആവിഷ്കരിച്ചിട്ടുള്ള കേന്ദ്ര പദ്ധതിയായ സാക്ഷം അങ്കണവാടി ആൻഡ് പോഷൻ 2.0 പ്രകാരമാണ് പദ്ധതികൾ തയ്യാറാക്കുന്നത്. ആറു വയസിന് താഴെയുള്ള കുട്ടികളുടെ സംരക്ഷണം, മെച്ചപ്പെട്ട പോഷകാഹാര വിതരണം എന്നിവ ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.
ഇന്റർനെറ്റ്, വൈഫൈ കണക്റ്റിവിറ്റി, എൽഇഡി സ്ക്രീനുകൾ, സ്മാർട്ട് ലേണിംഗ്, ഓഡിയോ-വിഷ്വൽ എയ്ഡുകൾ, ശിശുസൗഹൃദ പഠനോപകരണങ്ങൾ എന്നിവയുൾപ്പെടെ മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള സാക്ഷം അങ്കണവാടികളായി അപ്ഗ്രേഡുചെയ്യുന്നതിനായി ഈ വർഷം 40,000 അങ്കണവാടികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
ഒരു അങ്കണവാടിയിലെ ടോയ്ലറ്റ് നിർമാണചെലവ് 12000 രൂപയിൽ നിന്ന് 36000 രൂപയായും കുടിവെള്ള സൗകര്യം ഒരുക്കുന്നതിനുള്ള ചെലവ് 17000 രൂപയായും പുതുക്കി നിശ്ചയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള 10,000 അങ്കണവാടി കെട്ടിടങ്ങളിൽ മഴവെള്ള സംഭരണി സ്ഥാപിക്കുന്നത് ഏറ്റെടുക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. നവീകരണത്തിനായി ഫർണിച്ചറുകൾ, ഉപകരണങ്ങൾ മുതലായവ വാങ്ങുന്നതിന് ഗ്രാന്റുകളും അനുവദിച്ചു.
അങ്കണവാടി പ്രവർത്തകർക്ക് കാര്യക്ഷമമായ സേവന വിതരണത്തിനായി സ്മാർട്ട് ഫോണുകളും അങ്കണവാടികളിൽ വളർച്ചാ നിരീക്ഷണ ഉപകരണങ്ങളും സജ്ജീകരിച്ചതായും മന്ത്രി സഭയെ അറിയിച്ചു.
നിർമ്മാണ സാമഗ്രികളുടെയും കുലിയുടെയും വർധന കണക്കിലെടുത്ത്, എംജിഎൻആർഇജിഎസുമായി സംയോജിപ്പിച്ച് അങ്കണവാടി കെട്ടിടങ്ങളുടെ നിർമ്മാണച്ചെലവ് പരിഷ്ക്കരിച്ചു. അങ്കണവാടി ഒന്നിന് പന്ത്രണ്ട് ലക്ഷം രൂപയും എംജിഎൻആർഇജിഎസിന് കീഴിൽ എട്ടു ലക്ഷം രൂപയും 15-ാം ധനകാര്യ കമ്മീഷൻ ഫണ്ടുകൾക്ക് കീഴിൽ രണ്ടു ലക്ഷം രൂപയും (മറ്റേതെങ്കിലും അൺ ടൈഡ് ഫണ്ടുകൾ) ഓരോ എഡബ്യുസിയ്ക്കും എംഡബ്യൂസിഡിവഴി രണ്ടു ലക്ഷം രൂപയും കേന്ദ്ര-സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങൾക്കിടയിൽ നിശ്ചിത ചെലവ് പങ്കിടൽ അനുപാതത്തിൽ പങ്കിടുമെന്നും മന്ത്രി കുട്ടിച്ചേർത്തു.
Discussion about this post