ന്യൂദല്‍ഹി : രാജ്യത്തെ സേവിക്കുക എന്നതാണ് എന്റെ ധര്‍മ്മം. കോണ്‍ഗ്രസ്സിലുള്ളവര്‍ ഒരു കുടുംബത്തിനായി മാത്രം പ്രവര്‍ത്തിക്കുന്നുവെന്ന് അനില്‍ ആന്റണി. രാജ്യ താത്പ്പര്യത്തിനാണ് ബിജെപിയില്‍ പ്രാധാന്യം. രാജ്യത്തിന് വേണ്ടിയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം തന്നതിന് നന്ദി. ബിജെപിയില്‍ അംഗത്വമെടുത്തശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ വികസനത്തിലേക്ക് നയിക്കുകയാണ് മോദി സര്‍ക്കാര്‍ നയിക്കുന്ന ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യം. രാജ്യത്തെ വികസനത്തിലേക്ക് നയിക്കാന്‍ വ്യക്തമായ കാഴ്ച്ചപ്പാടോടുകൂടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, ജെ.പി. നദ്ദ എന്നിവര്‍ പ്രവര്‍ത്തിക്കുന്നത്. അവരുടെ കാഴ്ചപ്പാടിനൊപ്പം പ്രവര്‍ത്തിക്കാന്‍ ബിജെപി അവസരം നല്‍കി. ഇതിന് നന്ദി അറിയിക്കുന്നതായും അനില്‍ ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കോൺഗ്രസ് രാജ്യത്തെ വഞ്ചിക്കുകയാണ്. കുറച്ചു വര്‍ഷങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരു കുടുംബത്തിന് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്, അതാണ് അവരുടെ ധര്‍മ്മം. എന്നാല്‍ തന്‍റെ ധര്‍മ്മം രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ്. ബിബിസി വിവാദത്തില്‍ തന്റെ പ്രതികരണം നടത്തിയതില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ അപമാനിക്കപ്പെടുകയാണ് ഉണ്ടായത്. മാസങ്ങളോളം ഇക്കാര്യത്തില്‍ ചിന്തിച്ചശേഷം എന്റെ വ്യക്തിപരമായ തീരുമാനത്തിന്റെ പുറത്താണ് താന്‍ ബിജെപിയില്‍ ചേര്‍ന്നത്.
താന്‍ ബിജെപിയില്‍ ചേര്‍ന്നത് വ്യക്തി താത്പ്പര്യത്തിന് പുറത്താണ്. സ്വന്തം മനസ്സാക്ഷിക്ക് അനുസരിച്ച് പ്രവര്‍ത്താനാണ് രക്ഷിതാക്കള്‍ പഠിപ്പിച്ചിട്ടുള്ളത്. സാധാരണ ബിജെപി പ്രവര്‍ത്തകനായി മാത്രമാണ് നിലവില്‍ ബിജെപിയില്‍ എത്തിയത്. വീട്ടില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യാറില്ല. കോൺഗ്രസ്സില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്തും തങ്ങള്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ല. ദേശീയ നേതാക്കളില്‍ ഒരാളാണ് എ.കെ ആന്റണി താന്‍ ബിജെപിയില്‍ ചേര്‍ന്നത് അദ്ദേഹത്തിന്റെ പാരമ്പര്യത്തിന് ഒരു വിധത്തിലും കളങ്കമുണ്ടാക്കില്ല. താന്‍ ബിജെപിയില്‍ ഒരു സ്ഥാനമാനവും മോഹിച്ചല്ലെന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.
ധര്‍മ്മോ രക്ഷതി രക്ഷിത (ധര്‍മ്മത്തെ രക്ഷിച്ചാല്‍ ധര്‍മ്മം നമ്മെ കാത്തു രക്ഷിക്കും) എന്ന ശ്ലോകം ഉദ്ധരിച്ചുകൊണ്ടായിരുന്നു അനില്‍ ആന്റണി സംസാരിക്കാന്‍ തുടക്കമിട്ടത്. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിലും അനില്‍ ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു.
Discussion about this post