ന്യൂദല്‍ഹി: ഇന്ത്യാ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ട് (ഐഎസ്എഫ്ആര്‍) പ്രകാരം, 2017നും 2021നും ഇടയില്‍ രാജ്യത്തിന്‍റെ മൊത്തം വനവിസ്തൃതിയില്‍ 5,516 ചതുരശ്ര കിലോമീറ്റര്‍ വര്‍ധനയുണ്ടായി. അതേസമയം, 13 ഹിമാലയന്‍ സംസ്ഥാനങ്ങളില്‍, 2011 നും 2021 നും ഇടയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ മൂന്ന് സംസ്ഥാനങ്ങളിലെ വനപ്രദേശങ്ങള്‍ മാത്രമാണ് വര്‍ധിച്ചത്. പശ്ചിമ ബംഗാള്‍ (61 ചതുരശ്ര കിലോമീറ്റര്‍), ഹിമാചല്‍ പ്രദേശ് (764 ചതുരശ്ര കിലോമീറ്റര്‍), ജമ്മു കാശ്മീര്‍ (5,331 ചതുരശ്ര കിലോമീറ്റര്‍) എന്നിവയാണ് വനവിസ്തൃതി വര്‍ധിച്ച സംസ്ഥാനങ്ങള്‍.
ഇതര ഹിമാലയന്‍ സംസ്ഥാനങ്ങളായ ആസാം, മണിപ്പൂര്‍, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറാം, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, ലഡാക്ക് എന്നിവയില്‍ വനമേഖല കുറഞ്ഞു. 13 സംസ്ഥാനങ്ങളിലെയും മൊത്തം വനമേഖലയുടെ കുറവ് 222,534 ചതുരശ്ര കിലോമീറ്ററില്‍ നിന്ന് 219,866 ചതുരശ്ര കിലോമീറ്ററായി.
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെയാണ് വിവരങ്ങള്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. തോട്ടങ്ങളിലും പരമ്പരാഗത വനമേഖലകളിലും വര്‍ദ്ധിപ്പിച്ച സംരക്ഷണ നടപടികള്‍, വനത്തിന് പുറത്ത് വൃക്ഷങ്ങളുടെ വ്യാപനം എന്നിവ വനവിസ്തൃതിയുടെ വര്‍ധനയ്ക്ക് കാരണമായേക്കാമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post